േകാട്ടയം: 'എനിക്ക് പാലാ കഴിഞ്ഞിട്ടെ ലോകമുള്ളൂ' കെ.എം. മാണി നിരന്തരം പ്രയോഗിക്കുന്ന വാക്കുകളായിരുന്നു ഇത്. ഇതേ പാലായാണ് കേരള കോൺഗ്രസുകളുടെ ലോകവും. ഇത്തവണ രണ്ടായിപ്പിരിഞ്ഞ് രണ്ടു മുന്നണികളിലായി കേരള കോൺഗ്രസ് (എം) തദ്ദേശ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ രാഷ്ട്രീയകേരളം നോക്കിയത് പാലാ നഗരസഭയിലെ സീറ്റ് വിഭജനത്തിലേക്കായിരുന്നു.
ജോസ് വിഭാഗത്തിെൻറ എൽ.ഡി.എഫ് പ്രവേശനം പാലായിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലായിരുന്നു കണ്ണ്. നേരത്തേ ഒപ്പമുള്ളവർക്ക് കേരള കോൺഗ്രസ് (എം) സീറ്റ് അനുവദിക്കുകയായിരുന്നു പതിവ്. ഭൂരിപക്ഷം സീറ്റുകളിലും കേരള കോൺഗ്രസ് (എം) തന്നെയാണ് മത്സരിച്ചത്. ഇത്തവണ പതിവുവെറ്റി. ജോസ്.കെ.മാണിക്കും പി.ജെ.ജോസഫിനും സി.പി.എമ്മിനും കോൺഗ്രസിനും മുന്നിൽ സീറ്റ് ചോദിച്ച് നിൽക്കേണ്ടിവന്നു.
കഴിഞ്ഞതവണ ആകെ 26 ൽ 20 സീറ്റിലും കേരള കോൺഗ്രസ് (എം) മത്സരിച്ചു. ഇത്തവണ 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാല് സീറ്റ് നഷ്ടം. 14 സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച സി.പി.എമ്മിന് ആറ് സീറ്റേയുള്ളൂ. സീറ്റെണ്ണത്തിൽ പിന്നിലായെങ്കിലും ചർച്ചകളിൽ സി.പി.എമ്മായിരുന്നു 'വല്ല്യേട്ടൻ'.
സി.പി.എമ്മിനൊപ്പം പാലായിൽ സി.പി.ഐക്കും വലിയ നഷ്ടമുണ്ടായി. കഴിഞ്ഞ തവണ ഏഴ് സീറ്റിൽ മത്സരിച്ച സി.പി.ഐ മൂന്നിലൊതുങ്ങി. ആദ്യം രണ്ട് സീറ്റുകളാണ് സി.പി.ഐക്ക് നൽകിയത്. പ്രതിഷേധിച്ച ഇവർ ഒറ്റക്ക് മത്സരിക്കുമെന്നു ഭീഷണി മുഴക്കി.
ഇതോടെ കേരള കോൺഗ്രസിെൻറ(എം) ഒരു സീറ്റ് പിടിച്ചുവാങ്ങി സി.പി.ഐക്ക് നൽകുകയായിരുന്നു. കഴിഞ്ഞതവണത്തെ ഒരു സീറ്റ് ഇത്തവണയും എൻ.സി.പി നിലനിർത്തി.
മറുവശത്ത് യു.ഡി.എഫിൽ കോൺഗ്രസിന് കോളടിച്ചു. കഴിഞ്ഞ പ്രാവശ്യം ആറ് സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് ഇക്കുറി 13 സീറ്റിലാണ് മത്സരിക്കുന്നത്. ജോസഫ് വിഭാഗത്തിനും 13 സീറ്റുണ്ട്. അതേസമയം, മൊത്തം കണക്കെടുത്താൽ ഇരുമുന്നണികളിലുമായി 29 സീറ്റുകളിലേക്ക് ഉയർന്ന് കേരള കോൺഗ്രസ് സാന്നിധ്യം.
32 വർഷത്തിനുശേഷം 'രണ്ടില' യില്ലാതെയാകും പാലായിലെ കേരള കോൺഗ്രസ് എമ്മിെൻറ പോരാട്ടം. 2015ൽ 17 പേരായിരുന്നു കേരള കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. പിളർന്നതോടെ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനടക്കം ആറു കൗൺസിലർമാർ ജോസഫ് പക്ഷത്തേക്കു മാറി. ഇതോടെ 17 കൗൺസിലർമാരിൽ 11-6 എന്ന നിലയിലായി ജോസ്-ജോസഫ് അംഗനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.