കൊച്ചി: വിഷപ്പുകയെ തുടർന്ന് പ്രഭാത നടത്തം പാതിവഴിയിൽ നിർത്തേണ്ടി വന്നുവെന്ന് ഹൈകോടതി ജഡ്ജി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിൽ ചൊവ്വാഴ്ച വാദം കേൾക്കെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ഭാട്ടി സ്വന്തം അനുഭവം വെളിപ്പെടുത്തിയത്.
ശനിയാഴ്ച നഗരത്തിൽ നടക്കാനിറങ്ങിയ തനിക്ക് വിഷപ്പുകയെത്തുടർന്ന് ശ്വാസം മുട്ടലും ഛർദിയും അനുഭവപ്പെട്ടെന്നും നടത്തം ഒഴിവാക്കേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കടകളിൽനിന്നുള്ള മാലിന്യമടക്കം വലിച്ചെറിയുന്നതിനാൽ അഷ്ടമുടിക്കായലിന്റെ കരയിൽ ഒരു മണിക്കൂർ തികച്ച് ഇരിക്കാൻ സാധിക്കാതെ പോയതും ജസ്റ്റിസ് ഭാട്ടി പങ്കുവെച്ചു. വീടുകളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടേക്ക് ഒഴുക്കി വിടുന്നുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയെടുക്കണം. നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും നടപടി വേണം. മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞാൽ ടൂറിസവും വികസിക്കുമെന്ന് ജസ്റ്റിസ് ഭാട്ടി ചൂണ്ടിക്കാട്ടി.
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം. മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്തതിനാണ് കോർപറേഷനെ വിമർശിച്ചതെങ്കിൽ ശക്തമായ നടപടിയെടുക്കാതിരുന്നതിനാണ് മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ തിരിഞ്ഞത്. ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ നിലപാട് അറിയിക്കാത്തതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് നിർദേശിച്ചു.
മാലിന്യസംസ്കരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി 2016 മുതൽ നോട്ടീസ് നൽകുന്നുണ്ടെങ്കിലും കോർപറേഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ വിശദീകരണം കോടതിയെ ചൊടിപ്പിച്ചു. പരസ്പരം ചളിവാരി എറിയാതെ പ്രശ്നപരിഹാര നിർദേശങ്ങൾ പറയൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. കാറ്റിന്റെ ദിശ മനസ്സിലാക്കി പ്രശ്ന പരിഹാരത്തിന് നടപടിയെടുത്തോയെന്ന് കോടതി ആരാഞ്ഞു. മാലിന്യം കത്തുന്നതിന്റെ ആഘാതം കുറക്കാൻ സ്വീകരിച്ച നടപടിയെന്താണ്? മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടം വേണ്ടതല്ലേ? എത്ര തവണ ബ്രഹ്മപുരത്ത് പോയെന്ന് നഗരസഭാ സെക്രട്ടറിയോട് കോടതി ചോദിച്ചു. മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? തീ കെടുത്താൻ നിയോഗിച്ച 300 പേരുടെ സുരക്ഷക്ക് എന്തൊക്കെ ചെയ്തു? മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതികളുണ്ടോ? വായുവിന്റെ ഗുണനിലവാരം പരിശോധിക്കാൻ എന്ത് സംവിധാനമാണുള്ളത്? ബ്രഹ്മപുരത്തെ തീയുടെ പ്രത്യാഘാതം പരിശോധിച്ചോ? കോടതി ചോദ്യങ്ങൾകൊണ്ട് വീർപ്പുമുട്ടിച്ചു. ദേശീയ ഹരിത ൈട്രബ്യൂണലിന്റെ ഉത്തരവുകൾ കോർപറേഷൻ ഹൈകോടതിയിൽ ചോദ്യം ചെയ്യുന്നത് സംശയകരമാണെന്നും അഭിപ്രായപ്പെട്ടു.
ബുധനാഴ്ച ഉച്ചയോടെ തീയും പുകയും പൂർണമായും നിയന്ത്രണത്തിലാകുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. തീപിടിത്തത്തിനുശേഷം എല്ലാ ദിവസവും ബ്രഹ്മപുരത്ത് പോയിരുന്നു. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാവാത്തത് തീ അണക്കാൻ തടസ്സമായെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.