കണ്ണൂർ: അഴീക്കോട് സർക്കാർ വൃദ്ധസദനത്തിലെ മേട്രൻ ജ്യോത്സ്നയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സാമൂഹികക്ഷേമ വകുപ്പ് നടപടി തുടങ്ങി.
ഇതിെൻറ ഭാഗമായി ജില്ല ഒാഫിസർ പവിത്രൻ തൈക്കണ്ടിയെ കോഴിക്കോേട്ടക്കും വൃദ്ധസദനം സൂപ്രണ്ട് മോഹനനെ വയനാട്ടിലേക്കും സ്ഥലം മാറ്റി. വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്ന് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരനാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ആരോപണ വിധേയരായ ചില ജീവനക്കാർക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
ജ്യോത്സ്നയുടെ ഭർത്താവ് കീച്ചേരി പമ്പാല പുതിയപുരയിൽ ഹൗസിൽ പി.പി. മുരളീധരൻ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും സംഭവത്തിൽ പരാതി നൽകിയിരുന്നു. വൃദ്ധസദനത്തിലെ ജീവനക്കാരുടെ പീഡനത്തെ തുടർന്നാണ് ഇവിടത്തെ മേട്രനായ ജ്യോത്സ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി.പരാതിയിൽ പൊലീസും സാമൂഹിക ക്ഷേമ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
ജ്യോത്സ്നയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപുസമരം നടത്തി.ജ്യോത്സ്നയെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.എം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വിശദീകരണം തേടാതെ ജ്യോത്സ്നയെ സസ്പൻഡ് ചെയ്ത ജില്ല ഓഫിസറുടെ നടപടി നീതീകരിക്കാൻ കഴിയില്ല. ഇദ്ദേഹം ഈ സ്ഥാപനത്തിലെ സൂപ്രണ്ട് ആയിരുന്ന ഘട്ടം മുതൽ തുടരുന്ന വ്യക്തിവിരോധത്തിെൻറ തുടർച്ചയാണ് സസ്പൻഷൻ. ഭർത്താവ് മുരളീധരൻ നൽകിയ പരാതിയിൽ പറഞ്ഞ മുഴുവൻ പേർക്കുമെതിരെ ക്രിമിനൽ നടപടി പ്രകാരവും സർവിസ് ചട്ടപ്രകാരവും നടപടി കൈക്കൊള്ളണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മേട്രൻ ജ്യോത്സ്നയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
ആത്മഹത്യക്ക് കാരണക്കാരായി കുടുംബാംഗങ്ങൾ ആരോപിക്കുന്ന ജില്ല ഓഫിസർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാതെ സ്ഥലം മാറ്റൽ നടപടി സ്വീകരിച്ച് വിഷയത്തെ ലഘൂകരിക്കാനാണ് ഔദ്യോഗിക സംവിധാനത്തിെൻറ ശ്രമം. കുടുംബത്തിന് നീതി നൽകുന്നതിനു സർക്കാർ തലത്തിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.