ഭൂ​ര​ഹി​ത​ർ​ക്ക്​ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​ന്​ ഏ​ക മ​ന​സ്സ്​ –മ​ന്ത്രി ബാ​ല​ൻ

തിരുവനന്തപുരം: പാവപ്പെട്ട ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിൽ സർക്കാറിന് ഏക മനസ്സാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇക്കാര്യത്തിൽ സർക്കാറിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ‘ദലിത് പ്രശ്നങ്ങളും സ്വത്വരാഷ്ട്രീയവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷ്യം നടപ്പാക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ, സർക്കാറി​െൻറ ഉദ്ദേശ്യത്തെ ഒരു തരത്തിലും ഇതു ബാധിക്കില്ല. 

പട്ടികജാതി-വർഗ വിഭാഗത്തി​െൻറ ഭൂമി-ഭവന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. എസ്.സി.പി, ടി.എസ്.പി ഫണ്ട് പൂർണമായും ചെലവഴിക്കുന്നത് സംബന്ധിച്ച നിയമനിർമാണം സർക്കാറി​െൻറ പരിഗണനയിലാണ്. ഫണ്ട് ചെലവഴിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉൾപ്പെടെ അടങ്ങിയ വ്യവസ്ഥകളോടെയുള്ള നിയമനിർമാണമാണ് ആലോചിക്കുന്നത്. വയനാട്ടിലെ അഭ്യസ്തവിദ്യരായ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാൻ നടപടി സ്വീകരിച്ചുവരുകയാണ്. എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സംവരണം വേണമെന്ന നിലപാടുമായി  സർക്കാർ മുന്നോട്ടുപോകും. ഇക്കാര്യത്തിൽ സർക്കാർ എടുത്ത തീരുമാനത്തിന് ഹൈകോടതി പുറപ്പെടുവിച്ച സ്റ്റേ നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഭരണഘടന പരിരക്ഷയുള്ളതിനാൽ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാൻ കഴിയില്ല. 

സ്വത്വബോധവും അതിൽനിന്ന് സ്വത്വരാഷ്ട്രീയത്തിലേക്കും നയിക്കുന്നത് പട്ടികജാതി-വർഗ വിഭാഗങ്ങളെ പൊതുധാരയിൽനിന്ന് അകറ്റിനിർത്തുന്നതിന് കാരണമാക്കും. അവരെ വർഗബോധത്തിലേക്കും അതി​െൻറ രാഷ്ട്രീയത്തിലേക്കും നയിക്കുക മാത്രമാണ് പൊതുധാരയിൽ നിർത്താനുള്ള പോംവഴി. സ്വത്വരാഷ്ട്രീയത്തി​െൻറ ഗുണം ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ലഭിക്കില്ല. വഴിവിട്ട രീതിയിലും തീവ്രനിലപാടിലും പ്രവർത്തിക്കുന്ന ദലിത് പ്രസ്ഥാനങ്ങൾക്കായിരിക്കും അതി​െൻറ ഗുണം ലഭിക്കുക. സ്വത്വരാഷ്ട്രീയത്തി​െൻറ തുടർച്ചയാണ് ഇന്നു കാണുന്ന ഏകദേശീയതാ വാദമെന്നും മന്ത്രി ബാലൻ പറഞ്ഞു. മന്ത്രി പി. തിേലാത്തമൻ അധ്യക്ഷതവഹിച്ചു. എ. വിജയരാഘവൻ മോഡറേറ്ററായിരുന്നു. ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രഘുരാമൻ, എൻ. രാജൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കാർത്തികേയൻ നായർ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - a k balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.