കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻെറ വംശീയമായ അബോധം ഞെട്ടിപ്പിക്കുന്നതാണെന്ന് ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായി കെ.കെ ബാബുരാജ്. ഫേസ്ബുക്ക് കുറിപ്പിലാണ് വിജയരാഘവനെതിരെ ബാബു രാജിൻെറ വിമർശനം. എ. വിജയരാഘവനെപ്പോലെ ജനങ്ങളാൽ വെറുക്കപ്പെടുന്ന ഒരു നേതാവ് മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിട്ടുണ്ടോ എന്നു സംശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
മറ്റുള്ള നേതാക്കന്മാർ വംശീയത പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് തങ്ങളുടെ പാർട്ടിക്കും സർക്കാരിനും വേണ്ടി ബോധപൂർവമായിട്ടാണ്. എന്നാൽ, വിജയരാഘവനെ സംബന്ധിച്ച് വംശീയത അബോധത്തിൽ തന്നെ നിർമ്മിതമാണ്. അതിനാലാണ് അദ്ദേഹത്തിനെതിരെ എല്ലാ തലങ്ങളിൽ നിന്നും ഇത്രമാത്രം എതിർപ്പ് ഉയരുന്നതെന്നു തോന്നുന്നു. ഇന്നത്തെ ദേശാഭിമാനിയിലെ വിജയരാഘവൻെറ ലേഖനം വെറും കക്ഷി രാഷ്ട്രീയ ജൽപനങ്ങൾ മാറ്റിവെച്ചാൽ അതിലുള്ള വംശീയമായ അബോധം ഞെട്ടിപ്പിക്കുന്നതാണെന്നു കാണാം -ബാബു രാജ് കുറിപ്പിൽ പറയുന്നു.
സംവരണത്തെ ചരിത്രപരമായി ഉൾക്കൊള്ളാതെയാണ് വിജയരാഘവൻ പറയുന്ന സി.പി.എമ്മിൻെറ പ്രഖ്യാപിത നയം ഉണ്ടായത്. കീഴാള മുന്നേറ്റങ്ങൾ സംവരണ വിഷയത്തിൽ വലിയ പൊളിച്ചെഴുത്തുകൾ നടത്തിയിട്ടുണ്ട്. അതൊന്നും കാണാതെ ഫാഷിസ്റ്റുകൾ നടത്തിയ ഭരണഘടന അട്ടിമറിക്കൊപ്പം നിന്നു എന്നതാണത്രേ വലിയ നേട്ടം.
തങ്ങളെ പിന്തുണക്കുന്നവരെ അവർ സാമ്പത്തിക സംവരണത്തെ നിഷേധിക്കുന്നു എന്നതുകൊണ്ട് മാത്രം 'വർഗീയ വാദികൾ 'എന്നു വിളിക്കുന്നിടത്താണ് വിജയരാഘവനിലെ വംശീയത അബോധത്തിൽ തന്നെ നിർമ്മിതമാണെന്നു പറയാൻ കാരണം.
പഴയ ലീഗോ മുസ്ലിം സംഘടനകളോ അല്ല ഇപ്പോഴുള്ളതെന്നതാണ് നിങ്ങൾ അറിയേണ്ട കാര്യമെന്ന് അദ്ദേഹം പറയുന്നു. ഈ സംഘടനകൾ പുതിയ സാമൂഹിക സാഹചര്യമനുസരിച്ചു കുറെയെങ്കിലും സ്വയം നവീകരിക്കപ്പെട്ടിട്ടുണ്ട്, ഇതേസമയം നിങ്ങൾ എത്രയോ അടഞ്ഞ നിലയിലാണുള്ളത് -ബാബു രാജ് കുറ്റപ്പെടുത്തുന്നു.
മാർക്സിസ്റ്റ് പാർട്ടിയുടെ അനായാസ വിജയം എന്ന സാധ്യതയെ അപകടപ്പെടുത്തുക എന്നതിനപ്പുറം ലീഗിനെയോ മറ്റു മുസ്ലിം സംഘടനകളെയോ അവരോടു സവിശേഷമായ വെറുപ്പു ഇല്ലാത്ത കീഴാള രാഷ്ട്രീയ ധാരകളെയോ പരിക്കേൽപ്പിക്കാൻ വിജയരാഘവന്മാരുടെ വംശീയ ജൽപനങ്ങൾകൊണ്ടു കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.