തിരുവനന്തപുരം: വാർത്തയാക്കാനുള്ള ഉപകരണമായി ദലിത് സമൂഹത്തെ കാണരുതെന്ന് മുൻമന്ത്രി കെ. രാധാകൃഷ്ണൻ. ആദിവാസികളുടെയടക്കം ദൈന്യാവസ്ഥ മാത്രമല്ല, അവർ കൈവരിക്കുന്ന വളർച്ചയും വാർത്തയാകണം. പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വർഗ ക്ഷേമ വകുപ്പുകൾ മോശമാണെന്ന ചർച്ചകളുണ്ടാവുന്നു. ഇതു മോശം വകുപ്പല്ല. താഴ്ന്ന നിലയിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയകാര്യമാണ്.
വ്യവസായ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മുന്നിലിരിക്കുമ്പോൾ പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർ തങ്ങൾ പിന്നിലിരിക്കേണ്ടവരാണെന്ന മനോഭാവം മാറ്റണം. കറുത്തവനെ മോശപ്പെടുത്താൻ ശ്രമം നടക്കുന്നു. കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിക്കുന്നവരുണ്ട്. കൊക്ക് കുളിച്ചാൽ കാക്കയാകുമോയെന്നാണ് ഞാൻ ഇതിനെക്കുറിച്ച് മുമ്പ് ചോദിച്ചിട്ടുള്ളത്.
നവോത്ഥാന മൂല്യ സംരക്ഷണ സമിതി രാഷ്ട്രീയപാർട്ടിയല്ല. പല സംഘടകളിൽപ്പെട്ടവരാണ് അതിലുള്ളത്. അതിനാൽ സ്വതന്ത്രമായി അഭിപ്രായം പറയാം. എല്ലാം സർക്കാർ പറയുന്നതുപോലെ ആവണമെന്നില്ല. ഇടതു സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നെന്ന വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവനയെ രാധാകൃഷ്ണൻ വിമർശിച്ചു. ആരെയും പ്രീണിപ്പിക്കുന്നതല്ല, ഒരുപോലെ കാണുന്നതാണ് ഞങ്ങളുടെ നയം. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നെന്ന് വിമർശനമുയരുമ്പോൾ ഭൂരിപക്ഷ പ്രീണനമെന്നാണ് മുസ്ലിം ലീഗിെൻറ ആക്ഷേപമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.