പാലക്കാട്: മത്സരിച്ചിടത്തൊന്നും പരാജയം ഏറ്റുവാങ്ങാത്ത വ്യക്തിപ്രഭാവത്തിന് ഉടമയാണ് ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണൻ. 1991ൽ വള്ളത്തോൾ നഗർ ഡിവിഷനിൽനിന്നാണ് ആദ്യമായി ഇദ്ദേഹം തൃശൂർ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996, 2001, 2006, 2011 വർഷങ്ങളിൽ തുടർച്ചയായി ചേലക്കരയിൽനിന്ന് നിയമസഭയിലെത്തി. 1967ൽ ചേലക്കര മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ 1982ൽ മാത്രമായിരുന്നു ഇടതുമുന്നണി വിജയിച്ചത്.
എന്നാൽ, 1996ൽ രാധാകൃഷ്ണനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച മുന്നണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സൗമ്യതയുടെ മുഖമുദ്രയായ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം മാത്രമായിരുന്നു അതിന് കാരണം. 1996 മുതൽ 2001 വരെ പിന്നാക്ക-പട്ടികവർഗക്ഷേമ-യുവജനകാര്യ മന്ത്രിയും 2001 മുതൽ 2006 വരെ പ്രതിപക്ഷ ചീഫ് വിപ്പുമായിരുന്നു. 2016 മുതൽ പാർട്ടി ചുമതലയിലായിരുന്നു. 2016 മുതൽ 2018 വരെ സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായിരുന്നു.
2018ൽ കേന്ദ്രകമ്മിറ്റി അംഗമായി. എസ്.എഫ്.ഐയിലൂടെ രംഗത്തുവന്ന രാധാകൃഷ്ണൻ തൃശൂർ കേരളവർമ കോളജ് യൂനിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.