കോട്ടയം: കെ-റെയിൽ നിർമാണവുമായി ബന്ധപ്പെട്ട വിശദ പദ്ധതിരേഖ (ഡി.പി.ആർ) പുറത്തുവിടാൻ കഴിയാത്തതിന് കാരണം കോപ്പിയടി. ബൗദ്ധിക സ്വത്തവകാശ നിയമം അനുസരിച്ച് അതീവ രഹസ്യരേഖയെന്ന് പ്രഖ്യാപിച്ച് സർക്കാർ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഡി.എം.ആർ.സിയുടെ അതിവേഗ റെയിൽ പദ്ധതി വിവരങ്ങൾ പകർത്തിയാണ് ഫ്രഞ്ച് കമ്പനിയായ സിസ്ട്ര കെ-റെയിലിന്റെ സാധ്യത പഠനറിപ്പോർട്ട് തയാറാക്കിയത്.
2018ൽ കോടികൾ നൽകിയാണ് സംസ്ഥാന സർക്കാർ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ റെയിൽ സംബന്ധിച്ച പഠനം നടത്തിയത്. ജപ്പാനിലെയും കൊറിയയിലെയും പ്രഗല്ഭ സാങ്കേതിക വിദഗ്ധരുടെകൂടി സഹകരണത്തോടെയായിരുന്നു ഇത്. ഈ റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങൾക്കോ ജനപ്രതിനിധികൾക്കോ ലഭ്യമായിട്ടില്ല. ഇതാണ് കെ-റെയിൽ അധികൃതർ സിസ്ട്രക്ക് കൈമാറിയത്. അതിവേഗ റെയിൽ പദ്ധതികൾ നടപ്പാക്കി പരിചയമില്ലാത്തവർ അടങ്ങുന്ന സിസ്ട്രയുടെ പഠനസംഘത്തിന്റെ ജോലി എളുപ്പമാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പക്ഷേ, കോപ്പിയടി ശ്രദ്ധയിൽപെട്ട സർക്കാറിലെ ഉന്നതരുടെ നിർദേശപ്രകാരം ആദ്യ ഡി.പി.ആർ പിൻവലിച്ചു. പുതിയത് തയാറാക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ഘടകകക്ഷികളടക്കം ആവശ്യപ്പെട്ടിട്ടും വിശദ പദ്ധതി റിപ്പോർട്ട് നൽകാൻ സർക്കാറിന് കഴിയാത്തത്. അതേസമയം, കെ-റെയിൽ വൻവിവാദമായതോടെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിന്റെ നാലാം അധ്യായമായ ട്രാവൽ ഡിമാന്‍ഡ് ഫോർകാസ്റ്റ് മാത്രം കെ-റെയിൽ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിട്ടുണ്ട്. ബാക്കി അധ്യായങ്ങളൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ സമ്പൂർണ പദ്ധതി രൂപരേഖയായി മാത്രമേ പുറത്തുവിടാനാകൂ.
ഡി.പി.ആർ രഹസ്യരേഖയാണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ വാദിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഡി.പി.ആർ പുറത്തുവിട്ട് അതിൽ വിശദ ചർച്ചകൾ നടത്തിയശേഷമാണ് അതിവേഗ റെയിൽ പദ്ധതികൾ നടപ്പാക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് പാത 508 കിലോമീറ്റർ നീളവും 11 സ്റ്റേഷനുമുള്ളതാണ്. അതിന്റെ വിശദ പദ്ധതിരേഖ 2018ൽതന്നെ ഇന്റർനെറ്റിൽ ലഭ്യമാണ്. ഇതിന്റെ നിർമാണം ആരംഭിച്ചതാകട്ടെ 2020ലാണ്. ആരംഭിക്കുന്നതിന് രണ്ടുവർഷം മുമ്പുതന്നെ പദ്ധതി രൂപരേഖ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു. 64,000 കോടി ചെലവാകുമെന്ന് കെ-റെയിലും 95,000 കോടിയാകുമെന്ന് സിസ്ട്രയും 1.25 ലക്ഷം കോടിയാകുമെന്ന് നിതി ആയോഗും കണക്കാക്കുന്ന കെ-റെയിൽ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാവുന്നത് മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും മുതിർന്ന ചില ഐ.എ.എസ് ഉദ്യോഗസ്ഥരുമടക്കം ഒന്നര ഡസൻ പേർക്ക് മാത്രമാണ്. സംസ്ഥാന സർക്കാറിന്റെ ഈ സമീപനം ശരിയല്ലെന്ന് കെ-റെയിലിലെ കേന്ദ്രപ്രതിനിധികൾ നിലപാടെടുത്തിരുന്നു. പൂർണ വിവരങ്ങൾ ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും മറ്റും നേരത്തേതന്നെ ലഭ്യമാക്കേണ്ടതാണെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.