തിരുവനന്തപുരം: ബി.ജെ.പി യുടെ ഘടകകക്ഷിയായ ജെ.ഡി.എസ് അംഗം കെ. കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച എം.വി ഗോവിന്ദൻ ബി.ജെ. പി.യുടെ ഏജൻറിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജെ.ഡി.എസ്.സംസ്ഥാന നേതൃത്വം തങ്ങൾ ദേവഗൗഡക്ക് ഒപ്പമല്ല എന്നു പറഞ്ഞാൽതീരുന്ന കാര്യമാണോ ഇതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ദേശീയ പ്രസിഡൻറ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോൾപ്പിന്നെ എങ്ങനെയാണ് ഇവർക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും മന്ത്രിസഭയിലും തുടരാൻ കഴിയുന്നത്. എം.വി ഗോവിന്ദന്റെ ന്യായീകരണം കേട്ടാൽ തോന്നുക സി.പി.എമ്മും ബി.ജെ.പി.യുടെ ഘടകകക്ഷിയാണെന്നാണ്.
യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണു സി.പി.എം സെക്രട്ടറി പറയുന്നത്. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബി.ജെ.പിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സർക്കാറിന് ലഭിച്ച ബി.ജെ.പി വോട്ട് പാർലമെൻറ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ്.
ഇതിന്റെ നീക്കുപോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബി.ജെ.പി.യുടെ ഭാഗമായ കെ. കൃഷ്ണൻകുട്ടിയെ മന്ത്രി സഭയിൽനിന്ന് ഒഴിവാക്കാത്തത്. കൃഷ്ണൻകുട്ടിയെ ഒഴിവാക്കാത്തത് അധാർമ്മിക നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.