തങ്ങളുടെ വേര്‍പാട് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടം -കെ. സുധാകരന്‍

തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. തങ്ങളുമായി തനിക്ക് ദീര്‍ഘവര്‍ഷത്തെ ആത്മബന്ധമാണുള്ളത്. മതേതരമുഖമായിരുന്നു തങ്ങളുടേത്. നിരാലംബരോട് തങ്ങള്‍ കാണിച്ച കാരുണ്യവും സ്‌നേഹവും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സവിശേഷത തുറന്ന് കാട്ടുന്നതാണ്.

കഷ്ടതകളും ദുരിതങ്ങളുമായി പാണക്കാട് തറവാട്ടിലെത്തുന്ന നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതില്‍ അദ്ദേഹം കാട്ടിയ താല്‍പര്യം എടുത്തുപറയേണ്ടതാണ്. മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തിന് ഒരു പോറല്‍പോലും ഏല്‍ക്കാതിരുന്നതില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്ന പാണക്കാട് തറവാടിന്റെ പങ്ക് വളരെ വലുതാണ്.

സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ തങ്ങള്‍ നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവാണ്. വര്‍ഗീയ ശക്തികളെ എന്നും അദ്ദേഹം അകറ്റി നിര്‍ത്തി. സത്യസന്ധത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.

സമുദായാചാര്യന്‍ എങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരവ് നേടി. യു.ഡി.എഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം യു.ഡി.എഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. തങ്ങളോടുള്ള ആദരസൂചകമായി കെ.പി.സി.സി മാര്‍ച്ച് 7ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായും കെ. സുധാകരന്‍ അറിയിച്ചു.

Tags:    
News Summary - K Sudhakaran Condolence to Hyderali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.