തിരുവനന്തപുരം: ഇന്ത്യ ഉജ്വല വിജയം നേടിയ 1971ലെ ബംഗ്ലാദേശ് യുദ്ധം ഇന്ത്യയെയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. ബംഗ്ലാദേശ് യുദ്ധ വിജയാഘോഷത്തിന്‍റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച വിജയ് ഭാരത് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് നീങ്ങിയപ്പോള്‍ അതിനെ നേരിട്ട ധീര വനിതയാണ് ഇന്ദിര ഗാന്ധി. പാക്കിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുകയും ചെയ്ത ഇന്ദിര ഗാന്ധിയെ ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് ദുര്‍ഗാദേവിയെന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിര ഗാന്ധിയെന്ന ഭരണതന്ത്രജ്ഞയുടെ ഏറ്റവും ദീര്‍ഘവീക്ഷണമുള്ള നടപടിയായിരുന്നു ബംഗ്ലാദേശ് വിമോചനം. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാർഥി പ്രവാഹവും പടിഞ്ഞാറന്‍ പാക്കിസ്താനില്‍ നിന്നുള്ള യുദ്ധഭീഷണിയും ഒറ്റയടിക്ക് ഇന്ദിര ഗാന്ധി ഇല്ലാതാക്കി. 1971ലെ യുദ്ധ പരാജയത്തിന് ശേഷം പാക്കിസ്താന്‍ ഒരിക്കല്‍പ്പോലും ഇന്ത്യയുടെ മേല്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനുള്ള തന്‍റേടം കാട്ടിയിട്ടില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
1971ല്‍ യുദ്ധം നടക്കുമ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ മിന്നല്‍ വിജയം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് കാല്‍നൂറ്റാണ്ട് പോലും അന്ന് തികഞ്ഞിരുന്നില്ല. ഭക്ഷണമോ, വസ്ത്രമോ, സമ്പത്തോ, സൈന്യമോ ഇല്ലാതിരുന്ന ഒരു രാജ്യത്തെ കോണ്‍ഗ്രസ് ശാക്തീകരിച്ചിട്ടാണ് യുദ്ധം നടത്തിയത്. ഇന്ദിര ഗാന്ധിയുടെയും സേനയുടെയും ധൈര്യവും ദീര്‍ഘവീക്ഷണവുമാണ് ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യക്ക് ആവശ്യമായ യുദ്ധവിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ചരക്കുവിമാനത്തില്‍ കൊണ്ടുപോയാണ് ബോംബുകള്‍ ശത്രുരാജ്യത്തിന് മേല്‍ വര്‍ഷിച്ചതെന്ന് മുന്‍കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ആയുധങ്ങളോ, വിമാനങ്ങളോ ഇല്ലായിരുന്നെങ്കിലും യുദ്ധരംഗത്തേക്ക് കുതിക്കാന്‍ ഓരോ സൈനികനും തമ്മില്‍ മത്സരമായിരുന്നു. എയര്‍ഫോഴ്‌സില്‍ യുദ്ധ വൈമാനികനായിരുന്ന തന്‍റെ പിതാവ് രാജേഷ് പൈലറ്റ് അസം മേഖലയിലെ യുദ്ധമുന്നണിയിലാണ് പോരാടിയത്. അന്നത്തെ പോരാട്ടഗാഥകള്‍ ചെറുപ്പത്തില്‍ അച്ഛനില്‍ നിന്നു കേട്ടിട്ടുണ്ട്. തന്‍റെ മുത്തച്ഛന്‍ സൈന്യത്തില്‍ ഹവീല്‍ദാറായിരുന്നു. അവരുടെ പാരമ്പര്യം പിന്തുടര്‍ന്ന് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന തനിക്ക് ഇപ്പോള്‍ ക്യാപ്റ്റന്‍ റാങ്കുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
യുദ്ധത്തില്‍ പങ്കെടുത്ത 71 ധീരജവാന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുകയും ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ച് കെ.പി.സി.സി തയാറാക്കിയ ഡോക്യുമെന്‍ററി സെമിനാറില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത 71 പേരെയും അവരുടെ കുടുംബാഗങ്ങളെയും സച്ചിന്‍ പൈലറ്റ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.