പിണറായിയെ ഇനിയും താങ്ങണോയെന്ന് സി.പി.എമ്മും എല്‍.ഡി.എഫും ആലോചിക്കണം -കെ. സുധാകരന്‍

തിരുവനന്തപുരം: തന്റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പറഞ്ഞാല്‍ ജനം പത്തലെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്‌.ഐ.ഒ) അന്വേഷണം തുടരാമെന്ന കർണാടക ഹൈകോടതിയുടെ വിധി പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്റെ അടിവേരുമാന്തി. അഴിമതിയില്‍ മുങ്ങിത്താഴുന്ന പിണറായി വിജയനെ ഇനിയും താങ്ങണോയെന്ന് സി.പി.എമ്മും എല്‍.ഡി.എഫ് ഘടകകക്ഷികളും ആലോചിക്കണമെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ മകളുടെ എക്‌സാലോജിക് കമ്പനി കരിമണല്‍ ഖനന കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഇത് അതീവ ഗുരുതരമായ സാമ്പത്തിക കുറ്റമാണെന്നുമാണ് വിധിയിൽ നിന്ന് മനസിലാക്കേണ്ടത്. കേരളത്തിന്റെ തീരവും അവിടെ അമൂല്യമായ കരിമണലും മുഖ്യമന്ത്രിയുടെ ഒത്താശയോടെ കടത്തിക്കൊണ്ടു പോകാന്‍ കൂട്ടുനിന്നതിന് കാലം നല്കുന്ന തിരിച്ചടിയാണിത്. പിണറായി വിജയന്‍ മാത്രമല്ല, സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയും പൊളിറ്റ്ബ്യൂറോയും ഉള്‍പ്പെടെ സകലരും ഇതില്‍ കൂട്ടുപ്രതികളാണ്. കേരളത്തിന്റെ കരയും കടലും കവര്‍ന്നെടുക്കുന്നതിനു പിണറായിക്കു കിട്ടിയ പണത്തിന്റെ വലിയൊരളവ് ദേശീയ തലത്തിലേക്കു മാറ്റിയിട്ടുണ്ട്. സി.പി.എമ്മിനെ ദേശീയ തലത്തില്‍ പിടിച്ചു നിര്‍ത്തുന്നത് കേരളത്തില്‍ നിന്ന് ഒഴുകിയെത്തുന്ന കൂറ്റന്‍ ഫണ്ടാണ്.

കരിമണല്‍ കമ്പനിക്കു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിന്റെ വ്യക്തമായ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പുറത്തുവിട്ടിരുന്നു. അതെല്ലാം ശരിയാണെന്നു വന്നിരിക്കുകയാണ്. 2016 ഡിസംബര്‍ മുതല്‍ മാസം 5 ലക്ഷം രൂപ വീതവും 2017 മാര്‍ച്ച് മുതല്‍ മാസം മൂന്നു ലക്ഷം രൂപ വീതവും എക്‌സാലോജിക്കിന് മാസപ്പടി ലഭിച്ചു. മൊത്തം 2.72 കോടി രൂപ എക്‌സാലോജിക്കിലെത്തി.

സ്വകാര്യ കമ്പനിക്ക് ഖനനാനുമതി പാടില്ലെന്ന കേന്ദ്ര ഉത്തരവ് വന്ന 2019 ഫെബ്രുവരിയില്‍ കരാര്‍ റദ്ദാക്കേണ്ടതായിരുന്നു. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ഇടപെട്ട് കരാര്‍ 2023 വരെ സജീവമാക്കി നിര്‍ത്തി. ഇക്കാലയളവില്‍ കോടിക്കണക്കിനു രൂപയുടെ കരിമണല്‍ കേരള തീരത്തു നിന്ന് ചുളുവിലക്ക് ഖനനം ചെയ്തു കടത്തി. അതിനുള്ള പ്രതിഫലമാണ് മാസപ്പടിയായും വാര്‍ഷികപ്പടിയായുമൊക്കെ പിണറായിക്കും കുടുംബത്തിനും ലഭിച്ചത്.

സംസ്ഥാന ഖജനാവിൽ നിന്ന് പ്രതിദിനം 25 ലക്ഷം രൂപ മുടക്കി സുപ്രീംകോടതി അഭിഭാഷകനെ രംഗത്തിറക്കിയിട്ടും കേരള ഹൈകോടതി ഈ കേസ് തള്ളിയിരുന്നു. മാസപ്പടി കേസിനെ പിണറായി ഇത്രമാത്രം ഭയക്കുന്നത് കോഴി കട്ടവന്റെ തലയില്‍ പൂട ഉള്ളതുകൊണ്ടു തന്നെയാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകള്‍ക്ക് സംഭവിച്ചത് മാസപ്പടിക്കു സംഭവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran that at least the Pinarayi Vijayan should not say that his hands are clean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.