കെ.സുധാകരന് വീണ്ടും പാളി; 'അന്തരിച്ച കെ.ജി. ജോർജ് നല്ല രാഷ്ട്രീയ നേതാവ്', ട്രോളുകളുടെ പൂരം- വിഡിയോ

തിരുവനന്തപുരം: വിഖ്യാത സംവിധായകൻ കെ.ജി. ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ അബദ്ധത്തിൽച്ചാടി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്‍റെ അബദ്ധ പരാമര്‍ശം.

കെ.ജി. ജോർജിന്‍റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെ.സുധാകരന്‍റെ മറുപടി: 'അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല'.


അതേസമയം, ജോർജ്‌ എന്ന്‌ പേരുള്ള വേറെ ഒരാളെക്കുറിച്ചാണ്‌ സുധാകരൻ സംസാരിക്കുന്നതെന്നും അറിയില്ല എങ്കിൽ അതങ്ങ്‌ പറഞ്ഞാൽപ്പോരെ എന്നുമാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ട്രോളുന്നത്‌. കെ.ജി. ജോർജ് രാഷ്ട്രീയക്കാരനായിരുന്നെന്ന സുധാകരന്‍റെ പ്രതികരണത്തെ ഇ.പി ജയരാജന്‍റെ 'മുഹമ്മദാലി' പരാമർശവുമായി ചേർത്തുവച്ച് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.

സുധാകരന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോൺഗ്രസ് പ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായ ഒരു ജോർജ്ജ് ഇന്ന് മരണപ്പെട്ടിരുന്നുവെന്നും കെ.സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്‍റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത് എന്ന് കരുതിയാണ് കെ.പി.സി.സി അധ്യക്ഷൻ അങ്ങനെ പ്രതികരിച്ചതെന്നുമാണ് പ്രവർത്തകരുടെ വിശദീകരണം.അതേസമയം, കെ.ജി. ജോർജ്ജിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സുധാകരൻ പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി.

നേരത്തെ, കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മില്‍ പ്രസ് മീറ്റിൽ മൈക്കിനു വേണ്ടി നടന്ന പിടിവലി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വലിയ വിവാദമാണ് ഇത് ഉണ്ടാക്കിയത്. ഏറെ വൈകാതെ കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ വിഡിയോ വന്നത്. മാധ്യമ പ്രവർത്തകയുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മുന്നില്‍ പതറിയ സുധാകരന്‍ ചോദ്യം സതീശന്‍ നേരെ തിരിക്കുന്നതും സതീശന്‍ തിരിഞ്ഞുനോക്കാത്തതുമായിരുന്നു ഇത്. വലിയ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഇതും വഴിവെച്ചിരുന്നു.

Tags:    
News Summary - K. Sudhakaran's wrong remark that Director KG George was a good political leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.