കടയ്ക്കൽ: താലൂക്കാശുപത്രി മോർച്ചറിയിൽ മൃതദേഹം മാറിനൽകി. വയ്യാനം സ്വദേശിയായ ഗൃഹനാഥന്റെ മൃതദേഹത്തിന് പകരം പാങ്ങലുകാട് സ്വദേശിയുടെ മൃതദേഹമാണ് വിട്ടുനൽകിയത്. വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കൾ അറിഞ്ഞത്. വയ്യാനം വാച്ചീക്കോണത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം.
ചിതറ കിഴക്കുംഭാഗം സ്വദേശി വാമദേവൻ (67) മകളുടെ വീടായ വയ്യാനം വാച്ചീക്കോണം ഗോകുലത്തിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടത്താൻ തീരുമാനിച്ചശേഷം മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചപ്പോഴാണ് മൃതദേഹം മാറിയതായി അറിയുന്നത്. കടയ്ക്കൽ പാങ്ങലുകാട് ശോഭന ഭവനിൽ രാജേന്ദ്രന്റെ (70) മൃതദേഹമായിരുന്നു ഇത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹവും താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിക്കുകയായിരുന്നു. വിദേശത്തുള്ള മകൻ വന്നശേഷം സംസ്കാര ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വാമദേവന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
കടയ്ക്കൽ: മൃതദേഹം മാറിനൽകിയ സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്റ്റാഫ് നഴ്സ് ഉമ, ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിനുശേഷമാണ് ജീവനക്കാർ വിട്ടുനൽകിയതെന്ന് കടയ്ക്കൽ താലൂക്കാശുപത്രി സൂപ്രണ്ട് ധനുജ പറഞ്ഞു. എന്നാൽ, വാമദേവന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.