തൃശൂർ: ചേങ്ങില കൊട്ടി കഥകളിസംഗീതം ആലപിക്കുമ്പോൾ കൈയുടെ നീളക്കുറവ് ആൽവിനെ തളർത്തിയതേയില്ല. സംഗീതത്തിെല ദൈവസ്പർശം പ്രകടിപ്പിക്കാൻ ചെറിയ വൈകല്യം തടസ്സമാകില്ലെന്ന് ആൽവിൻ കാട്ടിത്തന്നു. കാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയ നളചരിതം ആട്ടക്കഥ ചൊല്ലിത്തീർത്തു. ഫലമെത്തിയപ്പോൾ എ ഗ്രേഡ്. എച്ച്.എസ്.എസ് വിഭാഗം കഥകളിസംഗീതത്തിലാണ് താരങ്ങളിൽ താരമാകുന്ന പ്രകടനം. ഇടുക്കി അറക്കുളം സെൻറ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയായ ആൽവിൻ മൈക്കിളിന് ജന്മനാ ഇടതു കൈമുട്ടിനു താഴേക്ക് ഇല്ലായിരുന്നു. കഥകളിസംഗീതത്തിൽ ഇടതുകൈയിൽ ചേങ്ങിലവെച്ചാണ് കൊട്ടുക. കൈപ്പത്തി ഇല്ലാത്തതിനാൽ മുട്ടിെൻറ ഭാഗത്തു വെച്ചാണ് ആൽവിൻ കൊട്ടിപ്പാടിയത്.
മൂലമറ്റത്തെ കൃഷിക്കാരനായ മൈക്കിളിെൻറയും മേഴ്സിയുടെയും രണ്ടാമത്തെ മകനാണ് ആൽവിൻ. കുട്ടിക്കാലത്ത് തുടങ്ങിയ സംഗീതാഭിരുചി സംഗീത അധ്യാപികയായ മോഹനകുമാരിയുടെ പരിശീലനംവഴി തിളക്കംവെച്ചു. 12 വർഷത്തെ സംഗീതപഠനം. പത്താം ക്ലാസ് വരെ ശാസ്ത്രീയസംഗീതത്തിലും ലളിതഗാനത്തിലുമാണ് വേദിയിലെത്തിയത്. കഴിഞ്ഞ വർഷം മുതലാണ് കഥകളിസംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ചത്. കോട്ടയത്തെ കഥകളി ആചാര്യൻ ബാലെൻറ നിർദേശപ്രകാരമാണ് പരിശീലനം. തുടർച്ചയായ രണ്ടാം വർഷവും കഥകളിസംഗീതത്തിൽ എ ഗ്രേഡുണ്ട്. പഠനത്തിനൊപ്പം ഗാനമേളകളിലും സജീവമാണ്. സംഗീതത്തിനും കലക്കും ജാതിയും മതവും വൈകല്യവുമൊന്നും തടസ്സമല്ലെന്ന് കാട്ടിത്തരുകയാണ് ഇൗ മിടുക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.