വടകര: കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂരിലെ മുഹമ്മദ് കാസിം സമർപ്പിച്ച ഹരജി വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തീർപ്പാക്കി. പൊലീസിനോട് ശരിയായ രീതിയിൽ അന്വേഷണം നടത്തി വേഗത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചാണ് ഹരജി തീർപ്പാക്കിയത്. അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഹരജിക്കാർക്ക് മേൽക്കോടതിയെ സമീപിക്കാം.
പൊലീസ് കോടതിയിൽ നേരത്തേ ഹാജരാക്കിയ കേസ് ഡയറി കോടതി തിരിച്ചുനൽകി. കഴിഞ്ഞ ആഴ്ച വാദം കേൾക്കുന്നതിനിടെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ എന്തുകൊണ്ട് പ്രതിപ്പട്ടികയിൽ ചേർക്കുന്നില്ലെന്ന് പൊലീസിനോട് കോടതി ചോദിച്ചിരുന്നു. അതിനു തൃപ്തികരമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. എന്നാൽ, തുടർനടപടികൾ സ്വീകരിക്കാൻ കോടതി തയാറായില്ല. പകരം അന്വേഷണത്തിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കാനാണ് കോടതി ഹരജിക്കാരനായ കാസിമിനോട് നിർദേശിച്ചത്.
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ‘പോരാളി ഷാജി’യുടെ ഫേസ്ബുക്ക് പേജിൽനിന്ന് വിവാദ സന്ദേശം നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടും നീക്കാത്തതിനാൽ മെറ്റയെ കേസിൽ മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സന്ദേശം നീക്കം ചെയ്യാത്ത മെറ്റക്കെതിരെ കേസെടുക്കുകയും സന്ദേശം പ്രചരിപ്പിച്ചവരെന്ന് സ്വയം സമ്മതിച്ചവരെ കേസിൽ പ്രതിചേർക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് കാസിമിന്റെ അഭിഭാഷകൻ മുഹമ്മദ് ഷാ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും സ്ക്രീൻഷോട്ടിന് പിന്നിലുള്ളവരെ പ്രതിപ്പട്ടികയിൽ ചേർക്കാത്തതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.