കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിക്കൽ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ ലിയോണയുടെ മൃതദേഹം വിട്ടുനൽകുക ഡി.എൻ.എ പരിശോധനക്കു ശേഷം. പൂർണമായും പൊള്ളലേറ്റ് സംഭവസമയത്തുതന്നെ ജീവൻ പൊലിഞ്ഞ ഇവരുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. പകൽ മുഴുവൻ തിരിച്ചറിയാതെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാത്രി വൈകിയാണ് ലിയോണയുടേതാണെന്ന വാർത്ത പുറത്തുവന്നത്. ഈ സാഹചര്യത്തിൽ ബന്ധുക്കൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്.
മെഡിക്കൽ കോളജ് മോർച്ചറിയിൽ തിങ്കളാഴ്ച രാവിലെ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഏക മകൻ ബാബു പോളിന്റെ സാമ്പിളും ശേഖരിച്ചു. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന മകൻ തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. 55കാരിയായ ലിയോണ ഇരിങ്ങോളിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. മരുമകൾ ആഷ്ലി സ്വന്തം വീട്ടിലായിരുന്നു.
യഹോവ സാക്ഷികളെന്ന വിഭാഗത്തിൽപെട്ട ലിയോണക്ക് അയൽക്കാരുമായും നാട്ടുകാരുമായും വലിയ ബന്ധമുണ്ടായിരുന്നില്ല. മിക്ക ദിവസങ്ങളിലും പ്രാർഥനയുടെ പേരിൽ രാവിലെ വീട്ടിൽനിന്ന് പോകുകയും വൈകീട്ടോടെ തിരിച്ചെത്തുകയുമാണ് പതിവെന്നും പ്രാർഥനയോഗത്തിന്റെ പ്രചാരണാർഥം നോട്ടീസ് നൽകാൻ മാത്രമാണ് അയൽ വീടുകളിലെത്താറും സംസാരിക്കാറുമുള്ളതെന്നും സമീപവാസികൾ പറയുന്നു. വെൽഡിങ് വർക്ക്ഷോപ് നടത്തുകയായിരുന്ന ഭർത്താവ് പൗലോസ് ഒരു വർഷം മുമ്പാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.