കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പൂർണ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ഫോടനം സംബന്ധിച്ച അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തലിനപ്പുറം മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അന്വേഷണത്തിലൂടെ തെളിയിക്കും. ഡി.ജി.പിയടക്കം ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. സർവകക്ഷിയോഗത്തിലും നല്ല പ്രതികരണമാണ് ഉണ്ടായത്. മാധ്യമങ്ങളും നല്ല രീതിയിൽ കൈകാര്യം ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയാൽ മുഖംനോക്കാതെ മറുപടി എടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നൽകി. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ രീതി സ്വീകരിക്കുന്നുവെന്നും കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജൻസിയിൽ വിശ്വാസം വേണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സാധാരണ നിലയിൽ ഒരു കേന്ദ്രമന്ത്രി പറയുന്ന രീതിയിലായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വിടുവായൻ പറയുന്ന കാര്യങ്ങളാണ് രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഉണ്ടായത്. വർഗീയവാദി എന്ന പ്രയോഗം ആക്ഷേപമായല്ല, ഒരു അലങ്കാരമായാണ് അദ്ദേഹം കാണുന്നത്. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല, കൊടുംവിഷമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.