കളമശ്ശേരി സ്​ഫോടനം: മാര്‍ട്ടിൻ വിഡിയോ ചിത്രീകരിച്ചത് കൊരട്ടിയിലെ ഹോട്ടലിൽ

കൊരട്ടി (തൃശൂർ): കളമശ്ശേരി സ്ഫോടനത്തിലെ പ്രതി കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ ഫേസ്ബുക്ക്​ ലൈവ് വിഡിയോ ചിത്രീകരിച്ചത്​ കൊരട്ടിയിലെ ഹോട്ടലിൽ. ദേശീയപാതയിൽ കൊരട്ടി ജങ്ഷൻ കഴിഞ്ഞുള്ള വാഴപ്പിള്ളി ബിൽഡിങ്ങിലെ മിറാക്കിൾ റെസിഡൻസിയിലെ 410ാം നമ്പർ മുറിയിലാണ് പ്രതി സമൂഹമാധ്യമത്തിലൂടെ സംഭവത്തിലെ സ്വന്തം പങ്ക് ഏറ്റുപറഞ്ഞത്. മാധ്യമങ്ങളിലെ വിഡിയോയും പ്രതിയുടെ ഫോട്ടോയും കണ്ട് ഹോട്ടൽ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു.

സ്ഫോടനം കഴിഞ്ഞ് കളമശ്ശേരിയിൽനിന്ന് ബൈക്കിൽ ദേശീയപാതയിലൂടെ പുറപ്പെട്ട പ്രതി വിവരം മറ്റുള്ളവരെ അറിയിക്കുന്നതിന്റെ ഭാഗമായി കൊരട്ടിയിലെ ഹോട്ടലിൽ 15 മിനിറ്റോളം തങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ 10.45 ഓടെയാണ് ഇവിടെയെത്തിയത്. തിരിച്ചറിയലിനായി ആധാർ കാർഡും മറ്റും ഹാജരാക്കിയിരുന്നു. തുടർന്ന് മുറിയിൽ കയറി ഫോണിലൂടെ ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ഉടൻ റൂം ഒഴിവാക്കാൻ ശ്രമം നടത്തി. അപ്പോൾ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു. പണം തിരികെ ചോദിച്ച ഇയാളോട് കാരണം അന്വേഷിച്ചപ്പോൾ ബന്ധുവിന് അപകടം പറ്റിയതിനാൽ റൂമിൽ തുടരാനാവില്ലെന്നും ഉടൻ പോകണമെന്നുമാണ് അറിയിച്ചതെന്ന് ഹോട്ടൽ ജീവനക്കാരി പറഞ്ഞു. 500 രൂപ പിടിച്ചുവെച്ചാണ് പണം തിരികെ നൽകിയത്.

മാര്‍ട്ടിൻ പിന്നീട് ദേശീയപാതയിലൂടെ തൃശൂർ ദിശയിലൂടെ യാത്ര തുടർന്ന് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് വിവരങ്ങൾ തിരക്കി പൊലീസിന്റെ ഫോൺ കാൾ വന്നപ്പോഴാണ് സംഭവങ്ങളുടെ യഥാർഥ സ്ഥിതി മനസ്സിലാക്കിയതെന്ന് ഹോട്ടൽ മാനേജർ ജസ്​വിൻ വ്യക്തമാക്കി. പ്രതിയുടെ ദൃശ്യങ്ങളുടെ സി.സി ടി.വി ഫുട്ടേജ് അടക്കമുള്ള തെളിവുകൾ ഉടൻ പൊലീസിന് കൈമാറും.

Tags:    
News Summary - Kalamassery blast: Martin video shot at Koratti hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.