കൊച്ചി: കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
രാവിലെ 10.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. വന്‍നഷ്ടമാണ് കണക്കാക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിനുസമീപം ജനവാസമേഖലയാണ്. തീ ഉയര്‍ന്നതോടെ പരിസരമാകെ പുകയില്‍ മൂടി. ഗോഡൗണിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. ഇവർ ഈ സമയം അവിടെ ഉണ്ടായിരുന്നില്ല.
ളമശ്ശേരി: വനിതാദിനത്തിൽ കിടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അഗ്നിരക്ഷാസേനയിലെ വനിത ജീവനക്കാരികളുടെ രക്ഷാ പ്രവർത്തനം ശ്രദ്ധേയമായി. കളമശ്ശേരിയിൽ സ്വകാര്യ കിടക്ക ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ തീ അണക്കാൻ പുരുഷന്മാർക്കൊപ്പം പ്രവർത്തന രംഗത്ത് സജീവമായിരുന്ന വനിതകളാണ് ശ്രദ്ധ യാകർഷിച്ചത്. ഗാന്ധിനഗർ യൂനിറ്റിൽ നിന്നുള്ള വനിതാ ഫയർ റെസ്ക്യൂ ഓഫിസർ ജെൻസയും ആലുവ യൂനിറ്റ് സിവിൽ ഡിഫൻസിലെ പ്രമീളയുമാണ് ശ്രദ്ധേയരായത്. ഒരു വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച ജെൻസ നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
എവിടെയാണെങ്കിലും പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കാനും ഏത് ദുരന്തമുഖത്തിറങ്ങാനും ഭയമില്ലെന്നും പറവൂർ സ്വദേശിനിയായ ജെൻസ പറഞ്ഞു. ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള പരിശീലനം തൊഴിലിലൂടെ ലഭിച്ചിട്ടുണ്ടെന്ന് ആലുവ മുപ്പത്തടം സ്വദേശിനിയായ പ്രമീള പറഞ്ഞു.
ക്രസന്റ് ഫോം ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണയ്ക്കുന്ന ജെൻസയും പ്രമീളയും മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം
കളമശ്ശേരി: കിടക്ക ഗോഡൗണിൽ നിന്നും ഉയർന്ന തീ സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പടരുന്നത് തടഞ്ഞത് പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടൽ. രാവിലെ പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തോടെ ഗോഡൗണിൽ തീ ഉയർന്നത്. കിടക്കകൾ കൂട്ടത്തോടെ കത്തിയതിൽ നിന്നും കറുത്ത് തിങ്ങിയ പുകയാണ് ഉയർന്നത്. ഇതിനിടെ തൊട്ട് മുകളിലൂടെ പോകുന്ന 220 കെ.വി ഹൈടെൻഷൻ മൂന്ന് വൈദ്യുതി ലൈനുകളും പൊട്ടിവീണു. സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ സീപോർട്ട് റോഡിലും എച്ച്.എം.ടി റോഡുകളിലും വാഹനങ്ങൾ നിർത്തി. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ തീ ഉയർന്ന വിവരം അഗ്നിരക്ഷാ കേന്ദ്രങ്ങളെ അറിയിച്ചതനുസരിച്ച് പല ഭാഗത്ത് നിന്നും യൂനിറ്റുകൾ പാഞ്ഞെത്തി.
എന്നാൽ ഗതാഗത കുരുക്കിൽ സംഭവസ്ഥലത്തെത്താൻ തടസ്സമായി. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന പ്രദേശവാസികൾ പൊലീസിനൊപ്പം ചേർന്ന് അഗ്നിരക്ഷാ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തെത്താൻ സൗകര്യമൊരുക്കുകയായിരുന്നു. ശക്തമായ നിലയിൽ തീ ഉയരാൻ തുടങ്ങിയതോടെ പൊട്ടിത്തെറികളും അതിൽ നിന്നും ഉയരുന്ന ശബ്ദങ്ങളും പ്രദേശത്തെ സ്ത്രീകൾ അടക്കമുള്ളവരെ ഏറെ ആശങ്കയിലാക്കി. തീ വ്യാപിച്ചാൽ അപകടം ഒഴിവാക്കാൻ വീടുകളിലെ പാചകവാതക സിലിണ്ടറുകൾ എടുത്ത് മാറ്റി സുരക്ഷിതത്വം ഉറപ്പിച്ചു. ഹൈടെൻഷൻ ലൈൻ പൊട്ടിയതും ഗതാഗത തടസത്തിന് വഴിവെച്ചു.
കളമശ്ശേരിയിൽ ക്രസന്റ് ഫോം ഗോഡൗണിലെ തീപിടിത്തം അണയ്ക്കുന്ന അഗ്നിരക്ഷാസേന
പൊട്ടി വീണ ലൈൻ എച്ച്.എം.ടി. റോഡിന് കുറുകെ കിടക്കുകയായിരുന്നു. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. കൂടംകുളത്ത് നിന്നും പള്ളിക്കരയിലേക്കും അവിടെ നിന്നും കളമശ്ശേരിയിലേക്കും വൈദ്യുതി എത്തിക്കുന്ന ലൈൻ ആണ് പൊട്ടി വീണത്. പൊട്ടി വീണ ലൈൻ സാധാരണ നിലയിലാക്കാനുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.