കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം. ഇന്നലെ ആറെണ്ണത്തിൽക്കൂടി ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽനിന്ന് ജാമ്യം ലഭിച്ചതോടെ അദ്ദേഹം പ്രതിയായ 148 കേസുകളിലും ജാമ്യമായി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഖമറുദ്ദീന് ചില േകാടതി നടപടിക്രമങ്ങൾകൂടി ബാക്കിയുള്ളതിനാൽ അവയെല്ലാം പൂർത്തീകരിച്ച് വ്യാഴാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. വിനോദ്കുമാർ പറഞ്ഞു.
ജാമ്യവ്യവസ്ഥയനുസരിച്ച്, അദ്ദേഹം പ്രതിയായ കേസുകളുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കാൻ പാടില്ല. ചന്തേര, പയ്യന്നൂർ, കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് സ്റ്റേഷൻ പരിധികളിൽ കേസുകളുണ്ട്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രവേശിക്കാം. കേസിൽ നാലു പ്രതികളാണുള്ളത്. സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളാണ് മുഖ്യപ്രതി. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. എന്നാൽ, ഖമറുദ്ദീെൻറ അറസ്റ്റോടെ അന്വേഷണം നിലച്ച നിലയിലായി. പൂക്കോയ തങ്ങളുടെ മകൻ ഇഷാം, ജനറൽ മാനേജർ സൈനുൽ ആബിദ് എന്നിവരെല്ലാം അറസ്റ്റിനു പുറത്തായി.
മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ നിർണയിക്കുന്ന അവസരത്തിലാണ് ഖമറുദ്ദീൻ ജയിലിൽ നിന്നും ഇറങ്ങുന്നത്. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ്, യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനങ്ങൾ അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റിയിരുന്നു. അതേസമയം, രക്തസാക്ഷി പരിവേഷത്തിൽ ഖമറുദ്ദീനെ അവതരിപ്പിക്കണമെന്ന വാദം ലീഗിൽ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.