ഓർമകൾപോലും പെട്ടെന്ന് ഓടിയെത്താത്തത്രയും കാലത്തേക്ക് പിൻനടക്കുമ്പോഴും കൂടെയുണ്ടായിരുന്ന സഖാവാണ് കാനം രാജേന്ദ്രൻ. അമ്പതാണ്ടിനപ്പുറത്തേക്ക് ആ ഓർമകൾ ചിതറിക്കിടക്കുന്നു. ചെറുപ്പകാലം മുതൽ പാർട്ടിയിൽ സഹപ്രവർത്തകൻ, ജനപ്രതിനിധിയായിരിക്കുമ്പോൾ എപ്പോഴും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്, വിയോജിപ്പുകൾക്കിടയിലും ഹൃദയത്തിൽ ചേർന്നുനിന്ന സഖാവ് അങ്ങനെ പലതരത്തിൽ ഞങ്ങൾ ചേർന്നുപ്രവർത്തിച്ചു. 1968 മുതൽ ഞാൻ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. 71ൽ കാനവും സംസ്ഥാന നേതൃത്വത്തിലേക്കെത്തി.
അക്കാലം മുതൽ പാർട്ടി പ്രവർത്തനങ്ങളിൽ ഒരുമിച്ച് സജീവമായിരുന്നു ഞങ്ങൾ. അക്കാലങ്ങളിൽ ചെറുപ്പക്കാരുടെ നേതാവായിരുന്നു കാനം. യൂത്ത് ഫെഡറേഷൻ ചുമതലക്കാരനായി സംസ്ഥാനം മുഴുവൻ ഓടിനടന്ന് പ്രവർത്തിച്ചിരുന്നു. കമ്മിറ്റികളിലും യോഗങ്ങളിലും പരിപാടികളിലും കണ്ടിരുന്ന പരിചയത്തിൽനിന്ന് 82ൽ ജനപ്രതിനിധികളായി നിയമസഭയിലേക്ക് എത്തിയപ്പോഴാണ് സൗഹാർദത്തിന്റെ പുതിയ ഏടുകൾക്ക് തുടക്കമായത്. അക്കാലത്ത് തിരുവനന്തപുരത്ത് എം.എൽ.എ ക്വാർട്ടേഴ്സിലെ ന്യൂ ബ്ലോക്കിൽ ചെറിയമുറികളിലെ അയൽക്കാരായിരുന്നു ഞങ്ങൾ. അതിനാൽ തന്നെ ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിച്ച ദിനങ്ങളും നിരവധിയായിരുന്നു. നിയമസഭയിലും ആഹാരം കഴിക്കുമ്പോഴും സിനിമ കാണാനും എല്ലാം ഒരുമിച്ച് സമയം ചെലവഴിച്ച് വളർന്ന സൗഹൃദദിനങ്ങളായിരുന്നു അക്കാലം.
അന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറിയായിരുന്നു ഞാൻ. നിയമസഭയിലെ ചെറുപ്പക്കാർ എന്നനിലയിലും വളരെ അടുത്ത സുഹൃത്തുക്കളെന്ന നിലയിലും എല്ലാകാര്യങ്ങളിലും ഒന്നിച്ച് ആലോചിച്ചായിരുന്നു ഞങ്ങളുടെ പ്രവർത്തനം. സ്ഥിരോത്സാഹത്തോടെ കാര്യങ്ങൾ പഠിച്ച് ചെയ്തിരുന്ന ഊർജസ്വലനായ യുവാവായിരുന്നു കാനം. അതിനാൽ തന്നെ പ്രധാന വിഷയങ്ങളിൽ പ്രസംഗം അവതരിപ്പിക്കാനൊക്കെ അദ്ദേഹത്തെയാണ് പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഞാൻ ഏൽപിച്ചിരുന്നത്. പാർട്ടിയിൽ നന്നായി പ്രവർത്തിക്കാൻ കഴിയുന്ന സഖാവെന്ന് അന്നേ തെളിയിച്ചിരുന്നു. പിന്നീട് അദ്ദേഹം എം.എൽ.എ ആയപ്പോഴും ഒന്നിച്ചായിരുന്നു പ്രവർത്തനം. പാർട്ടി ചുമതലക്കാരനായി ഞാൻ പ്രവർത്തിച്ചപ്പോഴും ആ അടുപ്പത്തിന് മാറ്റമുണ്ടായില്ല. പിൽക്കാലത്ത് അദേഹം ട്രേഡ് യൂനിയൻ രംഗത്തായിരുന്നു പ്രവർത്തനം. അതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്.
ഞങ്ങൾ തമ്മിൽ നിലപാടുകളുടെ പേരിൽ വിയോജിപ്പുകളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അത്തരത്തിൽ എന്തെങ്കിലും നിലപാടുകളിൽ വ്യതിയാനം ഉണ്ടായെന്ന് വന്നാൽ ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമായിരുന്നു. അത്തരം വിയോജിപ്പുകൾ പരസ്പരം തുറന്നുപറഞ്ഞായിരുന്നു മുന്നോട്ടുപോയിരുന്നത്. പാർട്ടിയിൽ എപ്പോഴും അത്തരം കാര്യങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ഒരിക്കലും വിരോധമൊന്നുമില്ലായിരുന്നു. നിലപാടുകളുടെ പേരിൽ ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് പുറത്തുള്ളവർ പറഞ്ഞുനടന്നപ്പോഴും ഞങ്ങളുടെ സൗഹൃദത്തിനോ പാർട്ടിബന്ധത്തിനോ ഒരു ഉലച്ചിലും ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളിലും പരസ്പരം അഭിപ്രായം ചോദിച്ചായിരുന്നു ഈ അവസാനഘട്ടം വരെയും ഞങ്ങൾ പ്രവർത്തിച്ചിരുന്നത്.
പാർട്ടി സഖാക്കളെ ഒരുമിച്ച് കൊണ്ടുപോകുന്നതിന് കാനത്തിന്റെ കഴിവും പ്രാപ്തിയും ഒന്നാന്തരമായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സഖാവിന്റെ വേർപാട് കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നതിൽ ഒരു സംശയവുമില്ല. 2024 എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്ത് നിർണായക സന്ദർഭമാണ്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുന്നതിന് ഒന്നിച്ചുനിൽക്കുന്നതിന്റെ ആവശ്യകതയുണ്ട്. അത്തരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ഒന്നിച്ചുനിർത്തുന്നതിന് നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ആവശ്യമായിരുന്നു. മാസങ്ങളായി അസുഖങ്ങൾ അലട്ടിയിരുന്നപ്പോഴും സുഖംപ്രാപിച്ച് തിരിച്ചുവരുമെന്നാണ് ഞങ്ങളെല്ലാം കരുതിയത്, ആഗ്രഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.