തിരുവനന്തപുരം: ആചാരലംഘനമുണ്ടായാൽ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവർത്തിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആചാരലംഘനങ്ങളെക്കുറിച്ചും അതുണ്ടായാൽ നടത്തേണ്ട പരിഹാരക്രിയകളെക്കുറിച്ചും തന്ത്രിയെന്നനിലയിൽ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ശ്രീധരൻപിള്ള ഉൾപ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. ആവശ്യമെങ്കിൽ തെൻറ ഫോൺ വിശദാംശങ്ങൾ പരിശോധിക്കാമെന്നും തന്ത്രി വിശദീകരിക്കുന്നു.
ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ ക്ഷേത്രനട അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി താനുമായി ആശയവിനിമയം നടത്തിയെന്നായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. ഇതു വിവാദമായതിനെ തുടർന്നാണ് ദേവസ്വംബോർഡ് തന്ത്രിയോട് വിശദീകരണം തേടിയത്.
മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനായിരുന്നു നിർദേശം. അതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് ദേവസ്വം കമീഷണർ എൻ. വാസുവിന് അഭിഭാഷകൻ മുഖേനയാണ് തന്ത്രി മറുപടി നൽകിയത്. ഇത് അടുത്ത ദേവസ്വംബോർഡ് യോഗം ചർച്ച ചെയ്യും. മറുപടിയുടെ അടിസ്ഥാനത്തിൽ തന്ത്രിക്കെതിരെ നടപടിയുണ്ടാവില്ലെന്നാണ് ബോർഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.