കണ്ണൂർ വി.സി നിയമനം: മന്ത്രി ആർ. ബിന്ദു അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: വിവാദമായ കണ്ണൂർ സർലകലാശാല വൈസ് ചാൻസലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് അനുകൂലമായി ലോകായുക്ത വിധി. വി.സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത വിധിച്ചു.

കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നതായി ലോകായുക്ത വിധിയിൽ ചൂണ്ടിക്കാട്ടി. മന്ത്രി സർവകലാശാലക്ക് അന്യയല്ല, പ്രോ ചാൻസലറാണ്. പ്രോ ചാൻസലറുടെ നിർദേശം ചാൻസലറായ ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നു. ചാൻസലറായ ഗവർണർ പ്രോ ചാൻസലറുടെ നിർദേശം അംഗീകരിച്ചെന്നും ലോകായുക്ത വ്യക്തമാക്കി.

വി.സി നിയമനവുമായി ബന്ധപ്പെട്ട പ്രായപരിധി സംബന്ധിച്ച് കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല. പ്രഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്നതിൽ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല.

മന്ത്രിപദവി ദുർവിനിയോഗം ചെയ്തോ എന്ന് മാത്രമാണ് പരിശോധിച്ചതെന്ന് ലോകായുക്ത വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളും വിവാദങ്ങളും പരിശോധിച്ചിട്ടില്ല. മന്ത്രി അധികാരദുർവിനിയോഗം നടത്തിയിട്ടില്ലെന്നാണ് തങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നതെന്നും രമേശ് ചെന്നിത്തലയുടെ പരാതി തള്ളുകയാണെന്നും വിധിയിൽ ലോകായുക്ത വിശദീകരിച്ചു.

മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിയെയും ലോകായുക്ത വിധിയിൽ വിമർശിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിയമഭേദഗതി ഓർഡിനൻസ് പുറത്തുവരുമോ എന്ന് ഉപലോകായുക്തയായ ഹാറൂൺ അൽ റഷീദ് ചോദിച്ചിരുന്നു. എന്നാൽ, ലോകായുക്ത പരാമർശം നടത്തിയെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നു. വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ മാധ്യമങ്ങൾ കൃത്യമായി കാര്യങ്ങൾ പരിശോധിച്ചില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി.

'നടക്കുന്ന വഴിയിൽ ഷർട്ടിൽ പൊടി വീഴുകയാണെങ്കിൽ ആ പൊടി തട്ടിക്കളഞ്ഞ് നമ്മൾ മുന്നോട്ടുപോകുമെന്ന' ഉപമയും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

കണ്ണൂർ വി.സിയായുള്ള പ്രഫ. ഗോപിനാഥിന്‍റെ പുനർനിയമനത്തിൽ ഗവർണർക്ക് മന്ത്രി ആർ. ബിന്ദു കത്തെഴുതിയത് അധികാരദുർവിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തക്ക് പരാതി നൽകിയത്.

Tags:    
News Summary - Kannur VC Appointment Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.