മുസ് ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം -കാന്തപുരം

കോഴിക്കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിൽ മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ. മുസ് ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

രാഷ്ട്രീയ തോൽവിക്ക് മറയിടാനാണ് ലീഗ് അരുംകൊലകൾ നടത്തുന്നത്. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കാന്തപുരത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന കേരള മുസ് ലിം ജമാഅത്തിന്‍റെ യോഗത്തിലാണ് ലീഗിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുറഹ്മാൻ ഔഫ്​ (32) ആണ് ​കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട്​ ലീഗ്​ മുണ്ടത്തോട്​ വാർഡ്​ സെക്രട്ടറി മുഹമ്മദ്​ ഇർഷാദിന്​ വെ​ട്ടേറ്റിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായാണ്​ ​രാത്രി 11 മണിയോടെ കൊലപാതകം അരങ്ങേറിയത്​.

ബൈക്കിൽ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് മുഖത്ത് പരിക്കുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിൽ മുസ്​ലിം ലീഗ് - ഐ.എൻ.എൽ, സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ കാഞ്ഞങ്ങാട്​ നഗരസഭ പരിധിയിൽ വ്യാഴാഴ്ച എൽ.ഡി.എഫ്​ ഹർത്താൽ പ്രഖ്യാപിച്ചു.

പഴയ കടപ്പുറത്തെ ആയിഷയുടെ മകനാണ് മരിച്ച അബ്ദുറഹ്​മാൻ ഔഫ്​. രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഷാഹിന ഗർഭിണിയാണ്. ആലമ്പാടി ഉസ്താദിന്‍റെ ചെറുമകനാണ് മരിച്ച അബ്ദുറഹ്​മാൻ ഔഫ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.