കാസർകോട്: കാറടുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിൽ മുഖ്യപ്രതിയും സംഘം സെക്രട്ടറിയുമായ സി.പി.എം മുളിയാർ ലോക്കൽ കമ്മിറ്റി അംഗം കെ. രതീശനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. നിലവിൽ ജില്ല ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് പുറമെയാണിതെന്ന് ജില്ല പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. ഓരോ കേസിനും അതിന്റേതായ പ്രത്യേകതയുണ്ട്, പ്രതികൾക്കും പ്രത്യേകതയുണ്ടാകും, പ്രതി എവിടെയുണ്ട് എന്നറിഞ്ഞിട്ട് അറസ്റ്റ് ചെയ്യാത്തതല്ല, ഉടൻ പിടികൂടും.
കൂടുതൽ പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പണയംവെച്ച സ്വർണം കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായും പൊലീസ് മേധാവി അറിയിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽനിന്ന് 4.76 കോടി രൂപയുടെ സ്വർണവും പണവുമാണ് തട്ടിയത്. ഇതുവരെ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതി കെ. രതീശന്റെ സുഹൃത്തുക്കളായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽകുമാർ, പറക്ലായി സ്വദേശി ഗഫൂർ, ബേക്കൽ മൗവ്വൽ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 29ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ നടത്തിയ പരിശോധനയിൽ 1.75 കോടി രൂപയുടെ സ്വർണാഭരണ വായ്പ തട്ടിപ്പ് കണ്ടെത്തിയിരുന്നു. 42 പേരുടെ പേരിലാണ് ഈ സ്വർണ പണയ വായ്പ ഇടപാടുകാർ അറിയാതെ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.