കോഴിക്കോട്: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 45ാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് രണ്ടിന് നടക്കുമെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന പണ്ഡിത സംഗമത്തോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമാവുക. വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപന മേധാവികളുടെയും സഹകാരികളുടെയും നാഷനല്‍ എമിനന്‍സ് മീറ്റും രാവിലെ തുടങ്ങും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സ് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ് മസ്താന്‍, എ.എം ആരിഫ് എം.പി, രമേശ് ചെന്നിത്തല, പി.ടി.എ റഹീം എം.എല്‍.എ, അഡ്വ. ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി എന്നിവർ സംബന്ധിക്കും.
വൈകീട്ട് അഞ്ചിന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന ആത്മീയ-സനദ് ദാന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. 532 യുവ പണ്ഡിതന്‍മാര്‍ക്ക് ബിരുദം നല്‍കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‍ലിയാര്‍, കോടമ്പുഴ ബാവ മുസ്‍ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവർ സംബന്ധിക്കും.
'എത്തിക്കല്‍ ഹ്യൂമന്‍, പീസ്ഫുള്‍ വേള്‍ഡ്' എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം. പ്രമേയത്തിന്റെ വിവിധ തലങ്ങളെ ആസ്പദമാക്കി ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സില്‍ വിഷയമവതരിപ്പിക്കും. ഖത്മുല്‍ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
1978ല്‍ സ്ഥാപിതമായ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, ജനറല്‍ കണ്‍വീനര്‍ ബി.പി സിദ്ദീഖ് ഹാജി, സി.പി ഉബൈദുല്ല സഖാഫി, കെ.കെ ശമീം, ഡോ. മുഹമ്മദ് റോഷന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.