ആദ്യകാവ്യമാണ്, ധർമശാസ്ത്രമാണ് രാമായണം എന്ന ഇതിഹാസം. ആദികവിയായ വാല്മീകിയുടെ വഴിയിൽ കമ്പരും തുളസിയും എഴുത്തച്ഛനുമെല്ലാം ശ്രീരാമെൻറ അവതാര സ്വരൂപം ആവിഷ്കരിച്ചു. ഒാരോ യുഗത്തിലും ധർമക്ഷയം സംഭവിക്കുന്നുണ്ട്. അപ്പോൾ, ധർമപ്രതിഷ്ഠക്ക് ഒരു മാതൃകാപുരുഷാവതാരം വേണം. അങ്ങനെയാണ് ത്രേതായുഗത്തിൽ ശ്രീരാമൻ അവതരിക്കുന്നത്. രാമനെ നോക്കി ‘രാമോ വിഗ്രഹവാൻ ധർമ’ എന്നാണ് വാല്മീകിയുടെ പ്രഖ്യാപനം. ധർമത്തിന് തപസ്സ്, വിശുദ്ധി, ദയ, സത്യം എന്നിങ്ങനെ നാലു പാദങ്ങളുണ്ട്.
ഇവയിൽ സത്യത്തിനാണ് പ്രാധാന്യം. ധർമത്തിെൻറ സ്വരൂപമാണ് സത്യം. തപസ്സും വിശുദ്ധിയും ദയയും സത്യത്തിലേക്കാണ് വന്നുചേരുന്നത്. തപസ്സാണ് സത്യത്തെ പ്രാപിക്കാനുള്ള പ്രധാനോപാധി. മറ്റൊന്ന് വിശുദ്ധിയാണ്. ജീവിതവിശുദ്ധി. ഇന്ദ്രിയ നിഗ്രഹമാണത്. നാലാംപാദം ദയയാണ്. തപസ്സും വിശുദ്ധിയും അന്യരിലേക്ക് എത്തിച്ചേരുന്നത് ദയയുടെ രൂപത്തിലാണ്. ശ്രീരാമെൻറ ദയ രാമായണത്തിൽ പലയിടങ്ങളിൽ പ്രകാശിക്കുന്നു. തേരു തകർന്ന് കിരീടം പോയി യുദ്ധത്തിൽ തളർന്നുപോയ രാവണനോട് നീ പോയി വിശ്രമിച്ച് പിന്നെ വരാനാണ് രാമൻ പറയുന്നത്. തളർന്നുനിൽക്കുന്നവനെ കൊല്ലാൻ രാമെൻറ ദയാഹൃദയം അനുവദിക്കുന്നില്ല.
പിന്നീട് ബ്രഹ്മാസ്ത്രമയച്ച് രാവണനെ രാമൻ പിളർന്നു. വൻമരംപോലെ രാവണൻ വീണു. മരിച്ചുവീണ ജ്യേഷ്ഠനരികിൽ വിഭീഷണൻ വിലപിച്ചു. ‘മഹാശയ്യയിൽ കിടക്കേണ്ട അങ്ങ് വെറും നിലത്ത് കിടക്കേണ്ടിവന്നത് എനിക്ക് കാണേണ്ടിവന്നല്ലോ’. അതിന് രാമൻ നൽകുന്ന മറുപടി ഇപ്രകാരമാണ്: ‘വീരപരാക്രമിയായ രാവണൻ എന്നോട് നേർക്കുനിന്ന് പോരാടിയാണ് മരിച്ചത്. യുദ്ധത്തിൽ മരിക്കുന്നത് രാജാക്കന്മാരുടെ വീരധർമമാണ്. രാവണനെയോർത്ത് കരയരുത്. ഇവെൻറ പാപേദാഷങ്ങളെല്ലാം തീർന്നിരിക്കുന്നു.
ഇനി സംസ്കാര കർമം നടത്തുക.’ ഇവൻ മഹാപാപിയാണെന്നും ഇവനെ ഞാൻ സംസ്കരിക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു വിഭീഷണെൻറ മറുപടി. ശ്രീരാമൻ വിനീതനായി വിഭീഷണനോട് പറഞ്ഞു: ‘എെൻറ ശരമേറ്റ് മരിച്ച രാവണെൻറ പാപങ്ങളെല്ലാം തീർന്നിരിക്കുന്നു. എല്ലാ ശത്രുതകളും വിരോധങ്ങളും മരണത്തിൽ അവസാനിക്കുന്നു. അതിനാൽ, ഇവന് വിധിപ്രകാരമുള്ള ശേഷക്രിയകൾ ചെയ്യുക. അതുകൊണ്ട് നിനക്ക് ഒരു ദോഷവും സംഭവിക്കില്ല.’
‘‘മദ്ബാണമേറ്റ് രണാന്തേ മരിച്ചൊരു കർബുരാധീശ്വരനറ്റിതുപാപങ്ങൾ വൈരവുരാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ ശേഷക്രിയകൾ വഴിയേ കഴിക്കൊരു ദോഷം നിനക്കതിനേതുമകപ്പെടാ....’’
അതുകേട്ട് വിഭീഷണൻ ചന്ദന സുഗന്ധിയായ ചിതയൊരുക്കി രാവണനെ സംസ്കരിച്ച് ഉദകക്രിയ ചെയ്തു. സത്യത്തിെൻറയും തപസ്സിെൻറയും വിശുദ്ധിയുടെയും ദയയുടെയും സമഗ്ര സ്വരൂപമാണ് രാമൻ. ധർമത്തിെൻറ നാലു പാദങ്ങളെ പതാകയാക്കിയവൻ. ‘രാമോ വിഗ്രഹവാൻ ധർമ്മഃ’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.