ആലപ്പുഴ: പഠനവഴിയിൽ പ്രായത്തെയും പരീക്ഷയെയും തോൽപിച്ചാണ് 102കാരി കാർത്ത്യായനിയമ്മ രാജ്യത്തെ ഏറ്റവും പ്രായംകൂടിയ റാങ്കുകാരിയായത്. വാർധക്യത്തിലെ അവശതകൾ മറന്ന് കൈവരിച്ച ആ സാക്ഷരതാനേട്ടത്തിനൊപ്പം പത്താംക്ലാസ് പഠനം പൂർത്തിയാക്കണമെന്ന ആഗ്രഹം ബാക്കിവെച്ചായിരുന്നു മടക്കം. പക്ഷാഘാതം പിടിപെട്ട് അവസാനനാളുകളിലെ ജീവിതം കിടക്കയിലേക്ക് വഴിമാറിയെങ്കിലും അക്ഷരങ്ങളെ കൂടെകൂട്ടിയിരുന്നു. മരണക്കിടക്കയിൽപോലും പഠനം പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നു. ഏഴാംക്ലാസിലെ ‘കഥളിവനം’ എന്ന കവിതയും ആലപിച്ചിരുന്നു. ഇന്റർനെറ്റിലൂടെയായിരുന്നു പഠനവിഷയങ്ങൾ കണ്ടെത്തിയിരുന്നത്.
ജീവിതപ്രാരബ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ പഠനം തിരിച്ചുപിടിക്കുന്നത് 2017ലാണ്. അന്ന് പ്രായം 96. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റേതിൽ വീട്ടിൽ കാർത്യായനിയമ്മ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പദ്ധതി പരീക്ഷയെഴുതി ഒന്നാംറാങ്കോടെ പാസായപ്പോൾ ലോകം ഞെട്ടി. അമ്പരപ്പിന് പിന്നാലെ രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പഠിതാവ് ബഹുമതിയും നിരവധി അംഗീകാരങ്ങളും തേടിയെത്തി. 2018ലെ വനിതദിനത്തിൽ രാജ്യത്ത് വനിതകള്‍ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘നാരീശക്തി’ പുരസ്കാരമാണ് അതിൽ പ്രധാനം.
2019ൽ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ്വില് അംബാസഡർ പദവി ലഭിച്ചു. ഏറ്റവുമൊടുവിൽ ചലച്ചിത്രകാരനും ഷെഫുമായ വികാസ് ഖന്ന ‘ബെയർ ഫ്രൂട്ട് എംപ്രസ്’ എന്നപേരിൽ ചിത്രകഥാപുസ്തകവും ഡോക്യുമെന്ററിയും പുറത്തിറക്കി. ന്യൂയോർക്കിൽനിന്ന് മുട്ടത്തെ വീട്ടിലെത്തിയായിരുന്നു പ്രകാശനം.
ചെറുപ്രായം മുതൽ ജോലിക്ക് പോകുമായിരുന്നു. ക്ഷേത്രങ്ങളിലെ തൂപ്പുജോലിയായിരുന്നു പ്രധാനം. 92 വയസ്സുവരെ ഇങ്ങനെ ജോലിചെയ്തു. ഇതിനിടെ ചെറുമക്കൾ പഠിക്കുന്നത് കണ്ടാണ് സാക്ഷരതാമിഷനിൽ ചേരുന്നത്. വീടിനടുത്ത കണിച്ചനെല്ലൂർ എൽ.പി സ്കൂളിലായിരുന്നു പരീക്ഷ. 40,368 പേർ പരീക്ഷയെഴുതിയപ്പോൾ 98 മാർക്ക് വാങ്ങി ഒന്നാമതെത്തി. ചേപ്പാട് പഞ്ചായത്ത് സാക്ഷരത പ്രേരക് കെ. സതിയാണ് അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയത്.
അന്ന് സർട്ടിഫിക്കറ്റ് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് മുത്തശ്ശി തന്റെ ആഗ്രഹവും മറച്ചുവെച്ചില്ല. ആദ്യം പത്ത് ജയിക്കണം. അതിനൊപ്പം കമ്പ്യൂട്ടറും പഠിക്കണം. ഒട്ടുംവൈകാതെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വീട്ടിലെത്തി ലാപ്ടോപ് നൽകി.
2020ൽ നാലാംക്ലാസ് തുല്യത പരീക്ഷ പാസായി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഏഴാംക്ലാസ് തുല്യത പരീക്ഷക്ക് തയാറെടുക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലായത്. ഈവർഷത്തെ റിപ്പബ്ലിക് ദിനപരേഡിൽ കേരളം അവതരിപ്പിച്ച സ്ത്രീശാക്തീകരണ ടാംബ്ലോയുടെ മുൻനിരയിൽ കാർത്യായനിയമ്മയുടെ പൂർണകായ പ്രതിമ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.