കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായ രേഖകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽനിന്ന് വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്ന ക്രൈംബ്രാഞ്ചിന്‍റെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. രേഖകൾ കിട്ടാത്തതിന്‍റെ പേരിൽ അന്വേഷണം തടസ്സപ്പെടരുതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് കെ. ബാബു, അന്വേഷണത്തിന്‍റെ ഭാഗമായി ഇവ നൽകാനാവില്ലേയെന്ന് ഇ.ഡിയോട് ആരാഞ്ഞു.
ബാങ്ക് നടത്തിയ 90 വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാർഥ ഫയലുകൾ ഫോറൻസിക് പരിശോധനക്കുവേണ്ടിയാണ് തിരികെ ആവശ്യപ്പെട്ടത്. എന്നാൽ, എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും സമർപ്പിച്ചവ അന്വേഷണത്തിന് നൽകാൻ തടസ്സമില്ലെന്നും ഇ.ഡി ബോധിപ്പിച്ചു.
ഫോറൻസിക് പരിശോധന നിശ്ചിത സമയത്ത് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഫോറൻസിക് ലാബ് ഡയറക്ടറെയും അസി. ഡയറക്ടറെയും കേസിൽ സ്വമേധയാ കക്ഷിചേർക്കുമെന്ന് കോടതി പറഞ്ഞു. പരിശോധന വേഗം പൂർത്തിയാക്കാൻ ലാബിൽ പ്രത്യേക സംഘത്തെ രൂപവത്കരിക്കണമെന്നും നിർദേശിച്ചു.
ഫോറൻസിക് പരിശോധനക്ക് യഥാർഥ രേഖകൾ നൽകിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കപ്പെടുമെന്നും ഇ.ഡിയുടെ കേസും നിലനിൽക്കാത്ത അവസ്ഥയുണ്ടാകുമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ചൂണ്ടിക്കാട്ടി. ഹരജിയിൽ രണ്ട് ദിവസത്തിനകം വിധി പറഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.