തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ ‘ഇടിമുറി’ വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഇടിമുറിയിലൂടെ വളർന്ന ചരിത്രമല്ല എസ്.എഫ്.ഐക്കെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, പ്രതിപക്ഷം ഒരു സംഘടനയെ അകാരണമായി കുറ്റപ്പെടുത്തുന്നെന്ന് പറഞ്ഞു. കാമ്പസുകളിൽ ക്രിമിനലുകൾക്ക് രാഷ്ട്രീയപിന്തുണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സഭ നിർത്തിവെച്ച് ഇടിമുറി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തി. മന്ത്രിമാരടക്കം ബഹളംവെച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തലിറങ്ങി പ്രതിഷേധിച്ചു. സഭ ബഹളത്തിൽ മുങ്ങിയതോടെ ധനവിനിയോഗ ബില്ലുകൾ ചർച്ചകൂടാതെ പാസാക്കി സഭ നേരത്തേ പരിഞ്ഞു.
കെ.എസ്.യു ജില്ല സെക്രട്ടറി സാന്‍ജോസിനെ എസ്.എഫ്.ഐ ഇടിമുറിയിട്ട് മർദിച്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. അക്കാര്യമറിഞ്ഞ് സ്റ്റേഷനിൽ ചെന്ന തന്നെയും ചാണ്ടി ഉമ്മൻ എം.എൽ.എയെയും എസ്.എഫ്.ഐക്കാർ കൈയേറ്റം ചെയ്തു. കാര്യവട്ടം കാമ്പസിൽ 121ാം നമ്പർ മുറിയാണ് എസ്.എഫ്.ഐയുടെ ഇടിമുറി. വയനാട് വെറ്ററിനറി കോളജിൽ എസ്.എഫ്.ഐയുടെ 21ാം മുറിയിലിട്ടാണ് സിദ്ധാർഥനെ കൊലപ്പെടുത്തിയത്. പ്രത്യയശാസ്ത്ര അടിത്തറയിലല്ല, ഇടിമുറിയുടെ ഭീകരതയിലാണ് എസ്.എഫ്.ഐ നിലനിൽക്കുന്നതെന്നും വിൻസെന്റ് ചൂണ്ടിക്കാട്ടി.
35 എസ്.എഫ്.ഐക്കാർ രക്തസാക്ഷികളാകേണ്ടിവന്നിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ധീരജിനെ കോൺഗ്രസുകാർ കൊന്നപ്പോൾ ഇരന്നുവാങ്ങിയതെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. എസ്.എഫ്.ഐ നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനമാണെന്നും അതിൽ സംഭവിക്കാൻ പാടില്ലാത്തത് എന്തെങ്കിലും സംഭവിച്ചെങ്കിൽ ന്യായീകരിക്കാനില്ല. എന്നാൽ, കുറേ മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്ന് കരുതി തങ്ങളെ ഇല്ലാതാക്കിക്കളയാമെന്ന് വ്യാമോഹിക്കേണ്ട. പ്രതിപക്ഷമോ അവര്‍ക്കുവേണ്ടി മാധ്യമങ്ങൾ ബഹളംവെച്ചതുകൊണ്ടോ ഒന്നും സംഭവിക്കില്ല. കാര്യവട്ടം കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട നടപടികളിൽ രാഷ്ട്രീയ വിവേചനം കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ വാക്പോര്. ‘നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നിങ്ങൾക്ക് തോന്നി മഹാരാജാവാണെന്ന്. അധികാരം കൈയിൽ വന്നപ്പോൾ പാവപ്പെട്ട വിദ്യാർഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ ന്യായീകരിക്കുന്നത് മഹാരാജാവ് എന്ന തോന്നലിലാണ്’ -സതീശൻ പറഞ്ഞു.
‘ഞാൻ മഹാരാജാവൊന്നുമല്ല. ജനങ്ങളുടെ ദാസനാണ്. എല്ലാകാലത്തും ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങൾക്കുവേണ്ടി എന്തുംചെയ്യും’. -മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.