കാസർകോട്: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കേസ് അന്വേഷിക്കുന്ന കാസര്‍കോട് എസ്.പി. അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്.പി വൈഭവ് സക്സേന പറഞ്ഞു.
മരണ കാരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങൾ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നടത്തിയിരുന്നു. ചില തെളിവുകൾ പൊലീസിനും ലഭിച്ചിട്ടുണ്ട്. അതിപ്പോൾ പറയാനാകില്ല. മരണകാരണം ഉറപ്പാക്കണമെങ്കിൽ രാസ പരിശോധന വളരെ പ്രധാനമാണ്. സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ രാസ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരളിന്റെ പ്രവർത്തനം നിലച്ചിരുന്നുവെന്നും മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ പരിശോധനക്ക് അഞ്ജുശ്രിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് പരിയാരം മെഡിക്കൽ കോളജ് അധികൃതർ നാളെ പൊലീസിന് കൈമാറും.
അഞ്ജുശ്രി കഴിഞ്ഞ ഡിസംബർ 31ന് ഹോട്ടലിൽ നിന്ന് കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചിരുന്നു. പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ വീടിനടുത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. എന്നാൽ ശാരീരിക അസ്വസ്ഥത തുടർന്നതിനെ തുടർന്ന് പിറ്റേ ദിവസം വീണ്ടും അതേ ആശുപത്രിയിലെത്തി.
അതിനു ശേഷമാണ് ചികിത്സ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ചികിത്സയിലിരിക്കെയാണ് അഞ്ജുശ്രി മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.