ബദിയടുക്ക: ഗ്രാമപഞ്ചായത്ത് ബോൾകട്ടയിൽ സ്ഥാപിച്ച ഇൻഡോർ സ്റ്റേഡിയം കാടുകയറി നശിക്കുന്നു. 25 ലക്ഷം രൂപ ചെലവിൽ പണിത ഇൻഡോർ സ്റ്റേഡിയം എന്ന് തുറക്കമെന്ന് ആർക്കുമറിയില്ല. 2015-2016ലാണ് സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയത്. രണ്ടു ഭാഗങ്ങളായാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. ഭാഗം ഒന്നിൽ 10 ലക്ഷം രൂപയും രണ്ടിൽ 15 ലക്ഷം രൂപയുമായിരുന്നു എസ്റ്റിമേറ്റ് തുക.
പ്രവൃത്തി സംബന്ധിച്ച് ക്രമക്കേട് ആരോപണമുയർന്നതോടെ ഇൻഡോർ സ്റ്റേഡിയം തുറക്കുന്നത് നീണ്ടു. ഓഡിറ്റ് വിഭാഗവും വിജിലൻസും ധനകാര്യ വകുപ്പും നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. മേൽക്കൂര പ്രവൃത്തിക്ക് കൂടിയ നിരക്ക് അനുവദിച്ചതുമൂലം പഞ്ചായത്തിനു 2,27,553 രൂപ അധിക ചെലവായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. റൂഫിങ് പ്രവൃത്തി ചെയ്തതിനു 4,03,209 രൂപയാണ് അനുവദിച്ചത്. 5.8 ശതമാനം ടെൻഡർ കിഴിവു നടത്തിയാൽ 1,75,656 രൂപയായിരുന്നു കരാറുകാരന് നൽകേണ്ടിയിരുന്നത്. ഇത് ക്രമപ്രകാരമല്ലെന്നും 2,27,553 രൂപ പ്രവൃത്തിയുടെ അളവ് രേഖപ്പെടുത്തിയ അസി. എൻജീയറിൽനിന്ന് ഈടാക്കാനുമാണ് നിർദേശിച്ചത്. ഈ തുക തിരിച്ചടക്കുകയും ചെയ്തു. അന്വേഷണം അവസാനിപ്പിച്ചിട്ടും തുടർജോലികൾ മന്ദഗതിയിൽതന്നെ നീങ്ങുകയാണിപ്പോൾ.
ഷീറ്റ് പാകിയ ചുമരിന്റെയും മേൽക്കൂരയുടെയും പണിതീർന്ന് മൂന്നുവർഷമായിട്ടും തറയുടെ മിനുക്കുപണി നിർമാണം, വൈദ്യുതീകരണം എന്നീ പണികൾ തീർക്കാനുണ്ട്. 20,37,120 രൂപയുടെ പ്രവൃത്തിയാണ് നടന്നത്. അതേസമയം, പണി ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.