മൊഗ്രാൽ: ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കടകളിൽ സൂക്ഷിച്ചുവെക്കാതെ കുമ്പള സ്കൂൾ റോഡിലേക്ക് വലിച്ചെറിയുന്ന കടയുടമകൾക്കെതിരെ കർശന നടപടിയുമായി കുമ്പള പഞ്ചായത്ത്. ഒരുമാസത്തിലേറെയായി ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയാണ്.
നിരവധിതവണ കടയുടമകൾക്ക് ഹരിത കർമസേന മുന്നറിയിപ്പ് നൽകിയിട്ടും മാറ്റമില്ലാത്തതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കർശനനടപടി സ്വീകരിച്ചത്.
വലിച്ചെറിഞ്ഞ മാലിന്യത്തിൽനിന്ന് കിട്ടിയ കവറുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്കൂൾ റോഡിന് സമീപത്തുള്ള പത്തോളം കടകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുള്ളത്. 5000 രൂപ മുതൽ 10,000 രൂപവരെയാണ് പിഴത്തുക. കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂൾ റോഡിലെ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേന നീക്കംചെയ്തിരുന്നില്ല. മാലിന്യം രണ്ടാഴ്ചയിൽ ഒരിക്കലാണ് ഹരിത കർമസേന ശേഖരിക്കുന്നത്. കടകളിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള മാലിന്യമാണ് ശേഖരിക്കുന്നത്. എന്നാൽ, ചില കടയുടമകളും ജോലിക്കാരും മാലിന്യം കടയിൽ സൂക്ഷിച്ചുവെക്കാതെ റോഡിലേക്ക് വലിച്ചെറിയുന്നതാണ് നടപടിക്ക് കാരണമായത്. ഈ കടയുടമകൾ ഹരിത കർമസേനക്ക് പ്രതിമാസ യൂസർ ഫീസ് നൽകുന്നുമുണ്ട്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിളായി സ്ഥാപനങ്ങളിലും അപ്പാർട്മെന്റുകളിലും അശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴചുമത്തി വരുന്നതിനിടയിലാണ് പഞ്ചായത്തിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.
നാലുമാസം മുമ്പ് കുമ്പള പഞ്ചായത്തിനുതന്നെ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 10,000 രൂപ പിഴചുമത്തിയത് വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.