കാഞ്ഞങ്ങാട് : കാറിൽ കടത്തിക്കൊണ്ടുവന്ന 29 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. മൂന്നുപേർ രക്ഷപ്പെട്ടു. പെരിയ കുണിയയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബോവിക്കാനം പൊവ്വൽ സ്വദേശി ബാസിത്താണ് പിടിയിലായത്. കാറിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് .
ഇന്നലെ രാത്രി രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബേക്കൽ പൊലീസാണ് പിടികൂടിയത്. കുണിയ ഭാഗത്ത് നിന്നും പെരിയാട്ടടുക്കം ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രണ്ട് കിലോയുടെ 15 പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. കാറിന്റെ ഡിക്കിയിൽ അടുക്കിവെച്ച നിലയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് റോഡരികിൽ കാത്തുനിന്ന പൊലീസ് കാർതടഞ്ഞു.
പൊലീസിനെ കണ്ട ഉടൻ കാറിൽ നിന്നും മൂന്ന് പേർ ഇറങ്ങി ഓടി. മംഗലാപുരത്തുനിന്നും മൊത്തമായെത്തിച്ച ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്ക് കൊണ്ട് പോകുന്നതാണ് കഞ്ചാവെന്നാണ് വിവരം. ലക്ഷങ്ങൾ വില വരും. നിത്യവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കഞ്ചാവ് ബീഡി വലിക്കുന്ന അഞ്ചും പത്തും പേരെ പിടികൂടാറുണ്ടെങ്കിലും കഞ്ചാവ് മൊത്തമായെത്തിക്കുന്ന സംഘത്തെ പിടികൂടാൻ പൊലീസിന് സാധിക്കാറില്ല. കഞ്ചാവ് പിടികൂടിയ വിവരമറിഞ്ഞ് കുണിയ യിൽ ആളുകൾ തടിച്ചു കൂടി.
ബേക്കൽ, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് ബീഡി വിൽപ്പനയും ഇവയുടെ ഉപയോഗവും വ്യാപകമാണ്. കൗമാരക്കാരാണ് ഏറെയും കഞ്ചാവ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.