ബദിയടുക്ക: വികസന മുദ്രാവാക്യം കൊണ്ടുനടക്കുന്ന ബദിയടുക്ക പഞ്ചായത്ത് ഭരണസമിതി കെട്ടിപ്പൊക്കിയ ഇൻഡോർ സ്റ്റേഡിയം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകാതെ കാട് കയറി നശിക്കുന്നു. ഇത് അധികൃതകൾ കാണുന്നില്ലെന്ന ആക്ഷേപം ജനങ്ങളിൽനിന്ന് ഉയർന്നുതുടങ്ങിയിട്ടുണ്ട്. ബദിയടുക്ക ബോൾകട്ടയിൽ 25 ലക്ഷം രൂപ ചെലവിൽ പണിത ഇൻഡോർ സ്റ്റേഡിയം എന്ന് തുറക്കമെന്ന് പറയാൻ ആർക്കും കഴിയുന്നില്ല. 2015-2016ലാണ് സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയത്. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. ഒന്നാംഘട്ടത്തിൽ 10 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 15 ലക്ഷം രൂപയുമായിരുന്നു എസ്റ്റിമേറ്റ് തുക. പ്രവൃത്തി സംബന്ധിച്ച് ക്രമക്കേട് ആരോപണമുയർന്നതോടെ ഇൻഡോർ സ്റ്റേഡിയം തുറക്കുന്നത് നീണ്ടു.
ഓഡിറ്റ് വിഭാഗവും വിജിലൻസും ധനകാര്യ വകുപ്പും നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. മേൽക്കൂര പ്രവൃത്തിക്ക് കൂടിയ നിരക്ക് അനുവദിച്ചതുമൂലം പഞ്ചായത്തിനു 2,27,553 രൂപ അധിക ചെലവായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. റൂഫിങ് പ്രവൃത്തി ചെയ്തതിനു 4,03,209 രൂപയാണ് അനുവദിച്ചത്. 5.8 ശതമാനം ടെൻഡർ കിഴിവു നടത്തിയാൽ 1,75,656 രൂപയായിരുന്നു കരാറുകാരന് നൽകേണ്ടിയിരുന്നത്. ഇത് ക്രമപ്രകാരമല്ലെന്നും 2,27,553 രൂപ പ്രവൃത്തിയുടെ അളവ് രേഖപ്പെടുത്തിയ അസി. എൻജീയറിൽനിന്ന് തുക ഈടാക്കാനുമാണ് നിർദേശിച്ചത്. ഈ തുക തിരിച്ചടക്കുകയും ചെയ്തു. അന്വേഷണം അവസാനിപ്പിച്ചിട്ടും തുടർ ജോലികൾ മന്ദഗതിയിൽ തന്നെ നീങ്ങുകയാണിപ്പോൾ. ഷീറ്റ് പാകിയ ചുമരിന്റെയും മേൽക്കൂരയുടെയും പണിതീർന്ന് മൂന്നുവർഷമായിട്ടും തറയുടെ മിനുക്കുപണി നിർമാണം, വൈദ്യുതീകരണം എന്നിവ തീർക്കാനുണ്ട്.
20,37,120 രൂപയുടെ പ്രവൃത്തിയാണ് നടന്നത്. ബാക്കി വരുന്ന മിനുക്കുപണിക്കും വൈദ്യുതിക്കും 2023-24 വർഷത്തെ പദ്ധതിയിൽ 10 ലക്ഷം രൂപ നീക്കിവെച്ചതായി പറഞ്ഞിരുന്നു. എന്നാൽ മിനുക്ക് പണി പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങാതെ കാടുകയറി നശിക്കുകയാണ്. വികസനത്തിന്റെ പേരിൽ പഞ്ചായത്ത് സംരക്ഷിക്കേണ്ട മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി അസോസിയേഷൻ എടുത്തസ്ഥലത്തിന്റെ മധ്യത്തിലുള്ള പഞ്ചായത്തിന്റെ സ്ഥലവും തോടും കൈയേറി നിയമലംഘനത്തിലൂടെ പാട്ടത്തിന് കൊടുക്കാൻ തീരുമാനമെടുത്ത ഭരണസമിതി ഇൻഡോർ സ്റ്റേഡിയം തുറന്നു കൊടുക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.
അതേസമയം, വിജിലൻസിന്റെ കൈയിൽ ഉണ്ടായിരുന്ന ഫയൽ തീർപ്പ് കൽപ്പിച്ച് ചില നിബന്ധനകൾ നൽകിയിട്ടുണ്ടെന്നും അതു ഉടനെ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.