കാസർകോട്: ലോകത്തെ മികച്ച സേവന നിലവാരത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീലേശ്വരത്തെ മികച്ച ആസ്ഥാനമന്ദിരം ആളുകള്‍ക്ക് ഏറ്റവും മികച്ച സേവനം കൊടുക്കുന്നതിന് പ്രയോജനപ്പെടണം. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ധാരാളം വരുമാന സ്രോതസ്സുകളുണ്ട്. അവ കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഭവ സമാഹരണം നടത്താനുള്ള സാധ്യതകളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടായി നല്കുന്ന സംസ്ഥാനം കേരളമാണ്.
സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളം വെട്ടിച്ചുരുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. അതിന് ഉദാഹരണമാണ് ലൈഫ് പദ്ധതി. കേരളത്തില്‍ ലൈഫ് പദ്ധതിയിലൂടെ 3,75,631 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നീലേശ്വരം നഗരസഭയില്‍ ലൈഫിലൂടെ 535 വീടുകള്‍ പൂര്‍ത്തിയാക്കി. 140 ബാക്കിയുണ്ട്. നല്ല പ്രകടനമാണ് നഗരസഭ കാഴ്ചവെച്ചതെന്നും, ജനങ്ങള്‍ക്ക് കൊടുക്കേണ്ടത് കുറച്ചിട്ട് പ്രതിസന്ധി പരിഹരിക്കുക എന്നതല്ല സര്‍ക്കാറിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ ഒന്നോടെ ഇന്ത്യയില്‍ ആദ്യമായി എല്ലാ തദ്ദേശ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഏക സംസ്ഥാനമായി കേരളം മാറും. മാലിന്യസംസ്കരണ രംഗത്ത് നമ്മള് കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്.എല്ലാ വാര്‍ഡിലും എം.സി.എഫുകള്‍ വേണമെന്നും ഹരിതകർമ കവറേജ് നൂറു ശതമാനമാക്കണമെന്നും മന്ത്രി പറഞ്ഞു. ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. നഗരസഭ എൻജിനീയര്‍ വി.വി. ഉപേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി. രവീന്ദ്രന്, വി. ഗൗരി, ഷംസുദ്ദീന് അറിഞ്ചിറ, ടി.പി. ലത, പി. ഭാര്‍ഗവി, കെ.പി. സതീഷ് ചന്ദ്രന്, എം.വി. ബാലകൃഷ്ണന്, മാധവന് മണിയറ, വി.വി. രമേശന്, സി.വി. പ്രമീള, എസ്. പ്രീത, സി. പ്രകാശന്, ബില്‍ടെക് അബ്ദുല്ല, ടി.പി. ശാന്ത, കെ.വി. ഹരിദാസ്, ഇ. ഷജീര്‍, റഫീക് കോട്ടപ്പുറം, വി. അബൂബക്കര്‍, പ്രഫ. കെ.പി. ജയരാജന്, കെ.വി. ദാമോദരന്‍, മാമുനി വിജയന്, എറുവാട്ട് മോഹനന്, എം. രാജന്, മടിയന്‍ ഉണ്ണികൃഷ്ണന്, പി. വിജയകുമാര്‍, അഡ്വ. നസീര്‍, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി.യു. വിജയകുമാര്‍, കെ.വി. ചന്ദ്രന്, എം.ജെ. ജോയ്, സി.എച്ച്. മൊയ്തു, പി.എം. സന്ധ്യ, കെ.വി. സുരേഷ് കുമാര്‍, വി.വി. ഉദയകുമാര്‍, സേതു ബങ്കളം എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി സ്വാഗതവും നഗരസഭ സെക്രട്ടറി കെ. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭ കെട്ടിടത്തിന് സ്ഥലം നല്കിയ വി.പി. അബ്ദുറഹ്മാന്, പി.യു. ദിനചന്ദ്രന്, കോണ്ട്രാക്ടര് വി.വി. മനോജ് എന്നിവരെ മന്ത്രി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.