കാസർകോട്: പദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ ജില്ലക്ക് രണ്ടാം സ്ഥാനം. കാർഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി എല്ലാ മേഖലയെയും പരിഗണിച്ചാണ് ഈ നേട്ടം. പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ അനുവദിച്ച 22.10 കോടി രൂപയിൽ 21 കോടി രൂപയും ചെലവഴിച്ചു.
പട്ടികജാതി വിഭാഗത്തിൽ അനുവദിച്ച 4.58 കോടി രൂപയിൽ 4.06 കോടിയും പട്ടിക വർഗ വിഭാഗത്തിൽ അനുവദിച്ച 4.67 കോടി രൂപ പൂർണമായും ചെലവഴിച്ചു. റോഡ് മെയിന്റനൻസ് ഫണ്ട് ഇനത്തിൽ ലഭിച്ച 7.68 കോടി രൂപയിൽ 7.44 കോടി രൂപയും റോഡിതര മെയിന്റനൻസ് ഇനത്തിൽ ലഭിച്ച 27.73 കോടി രൂപയിൽ 26.12 കോടി രൂപയും ധനകാര്യ കമീഷൻ ഗ്രാൻഡ് ഇനത്തിൽ ലഭിച്ച 7.4 കോടി രൂപയും ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് നേട്ടം കരസ്ഥമാക്കിയത്.
ആരോഗ്യമേഖലയിൽ ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്കു വേണ്ടി ഗർഭാശയഗള കാൻസർ നിർമാർജന വാക്സിൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ജില്ല പഞ്ചായത്ത് ഏറ്റെടുത്തു. കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന ജില്ല അലോപ്പതി, ഹോമിയോ, ആയുർവേദ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനം എത്തിച്ചു. അലോപ്പതി ആശുപത്രികളിൽ മരുന്നുവാങ്ങാൻ ആറു കോടി രൂപയുടെ പദ്ധതികളും ആയുർവേദ ആശുപത്രിയിൽ കമ്പ്യൂട്ടർ സൗകര്യം, ഹോമിയോ ആശുപത്രിയിൽ ഇ- ഓഫിസ് സൗകര്യം എന്നിവയും ഏർപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഡയാലിസിസ് പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപയുടെ സഹായം, ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ, കാൻസർ പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയും ഏറ്റെടുത്തു നടപ്പാക്കി. ശാരീരിക മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്ക് 75 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ജില്ല പഞ്ചായത്ത് നൽകിയിട്ടുണ്ട്.
ക്ഷീര വികസനത്തിനായി ക്ഷീര സംഘങ്ങൾക്ക് 80 ലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ട്, പാൽവില സബ്സിഡി ഇനത്തിൽ ക്ഷീര കർഷകർക്ക് 75 ലക്ഷം രൂപയുടെ ധനസഹായം എന്നിവ നൽകി. ഉൽപാദനം, സേവനം, പശ്ചാത്തല വികസനം, പട്ടികജാതി പട്ടികവർഗ വികസനം തുടങ്ങി എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി കൈകോർത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒരുപാട് പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ ജില്ല പഞ്ചായത്തിന് സാധിച്ചുവെന്നും ഈ മികവിനുള്ള അംഗീകാരമാണ് ഇതെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.