കാസർകോട്: തെരഞ്ഞെടുപ്പ് അനുബന്ധ ദിന വേതനം നിശ്ചയിച്ചപ്പോൾ പതിവുപോലെ ബി.എൽ.ഒമാർ പുറത്ത്. 15 കൊല്ലം മുമ്പ് നിശ്ചയിച്ച വാർഷികവരുമാനമായ 6600 രൂപപോലും കിട്ടാതിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേതനം നിശ്ചയിക്കാത്തത്. തെരഞ്ഞെടുപ്പ് കമീഷന്റെ താഴേ തട്ടിലുള്ള വിഭാഗമാണ് ബി.എൽ.ഒ. തങ്ങളുടെ ജോലിയോടൊപ്പം അധികമായി ജോലിയെടുക്കുന്നവരാണിവർ. അംഗൻവാടി ജീവനക്കാരും അധ്യാപകരുമാണ് അവരുടെ ജോലിഭാരത്തിനൊപ്പം ബൂത്ത് ലെവൽ ഓഫിസറിന്റെ അധികജോലി ചെയ്യുന്നത്. വാർഷിക അലവൻസായ 6600 രൂപയും ടെലിഫോൺ അലവൻസായ 600 രൂപയും മാർച്ചിലാണ് ലഭിക്കേണ്ടതെങ്കിലും സെപ്റ്റംബറോ ഒക്ടോബറോ ആവാതെ ലഭിക്കാറില്ലെന്നാണ് ആരോപണം. 15 വർഷം മുമ്പത്തെ നിരക്ക് കാലാനുസൃതമായി പുതുക്കാനും തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ തയാറായിട്ടില്ലെന്നാണ് ബി.എൽ.ഒമാർ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്തോടെ പലതരത്തിലുള്ള ഡ്യൂട്ടിയാണ് ബി.എൽ.ഒമാർ ചെയ്യുന്നത്. പുതിയ വോട്ടറെ ചേർക്കൽ, മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കൽ, ഇരട്ടിപ്പ് തടയൽ, സ്ലിപ് വിതരണം എന്നിവക്കായി ഇലക്ഷൻ പ്രഖ്യാപിച്ചതിനുശേഷം മാത്രം കനത്ത വെയിൽ വകവെക്കാതെ മൂന്നോ നാലോ വട്ടം ഇവർ ഫീൽഡ് വിസിറ്റ് ചെയ്തുകഴിഞ്ഞു. സ്ലിപ് വിതരണത്തിന് നാല് ദിവസമാണ് ഇവർക്ക് നൽകിയത്. എന്നാൽ, ഈചൂടിൽ ഒരുദിവസം 30 വീടുകൾപോലും കയറിയിറങ്ങാൻപറ്റാത്ത സാഹചര്യമാണ്. മുന്നൂറും നാനൂറും വീടുകളുള്ള ബൂത്തുകളാണ് അധികവും. ഇതിന് പത്തു ദിവസമെങ്കിലും വേണെമെന്നിരിക്കെയാണിത്. വില്ലേജ് ഓഫസർമാർ മുതൽ തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാർവരെ നൽകുന്ന സമ്മർദവും താങ്ങാനാവുന്നില്ല. അതേ ബൂത്തിലെ വോട്ടറായിരിക്കണം ബി.എൽ.ഒ എന്നാണ് ചട്ടമെങ്കിലും പലരും മറ്റു ജില്ലകളിൽനിന്നുമുള്ള ഉദ്യോഗസ്ഥരാണ്. വോട്ടർമാരെ തിരിച്ചറിയാത്ത ഇവരെ ബി.എൽ.ഒ ആക്കുന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് നാട്ടുകാരും ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.