ബേർക്കയിലെ എൻഡോസൾഫാൻ ഇര അബ്ദുറഹ്​മാന് ഗോപിനാഥ് മുതുകാട്

ചലനോപകരണം സമ്മാനിക്കുന്നു

അബ്ദുറഹ്മാന് ചലിക്കാൻ മുതുകാടിന്റെ 'മാന്ത്രിക സ്പർശം'

കാസർകോട്: ബേർക്കയിലെ സങ്കടക്കാഴ്ചയായ അബ്ദുറഹ്മാന് ചലിക്കാൻ ഇനി മുതുകാടിന്റെ 'മാന്ത്രിക സ്പർശം'. ചെങ്കള പഞ്ചായത്തിലെ ബേർക്കയിൽ കിടപ്പിലായ എൻഡോസൾഫാൻ ദുരിതബാധിതൻ 31 കാരനായ അബ്ദുറഹ്മാന് ചലനോപകരണങ്ങൾ മാന്ത്രികൻ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു.

കിടപ്പിൽത്തന്നെ ജീവിതം തള്ളിനീക്കുന്ന അബ്ദുറഹ്മാനെ എടുത്തുയർത്താൻ 75000 രൂപയോളം വിലവരുന്ന ലിഫ്റ്റും 25000ത്തോളം രൂപ വിലവരുന്ന വൈദ്യുതി ചക്രക്കസേരയുമാണ് മുതുകാട് സമ്മാനിച്ചത്. ആഗസ്റ്റ് 24 മുതൽ 27വരെ 'മാധ്യമം' പ്രസിദ്ധീകരിച്ച 'മരണമോ പരിഹാരം' എന്ന ലേഖന പരമ്പരയിൽ അബ്ദുറഹ്മാന്റെ സങ്കടമാർന്ന ജീവിതവും, ഉമ്മയില്ലാത്ത അബ്ദുറഹ്മാനെ ഒറ്റക്ക് പരിചരിക്കുന്ന പിതാവ് അബ്ദുല്ലയുടെ പൊള്ളുന്ന അനുഭവങ്ങളും രേഖപ്പെടുത്തിയിരുന്നു.

31കാരനായ അബ്ദുറഹ്മാന് 70 കിലോയിലധികം തൂക്കമുണ്ട്. സ്വയം എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അബ്ദുറഹ്മാനെ എടുത്തിരുത്തി കുളിപ്പിക്കുന്നതും മറ്റ് കർമങ്ങൾ ചെയ്യുന്നതും കേവലം 50 കിലോയിൽപരം തൂക്കമുള്ള പിതാവ് അബ്ദുല്ലയാണ്. പലപ്പോഴും മകനെ ആ രീതിയിൽ കൊണ്ടുപോകാൻ പ്രായവും ദൗർബല്യവും കൊണ്ട് അബ്ദുല്ലക്ക് കഴിയുന്നില്ല.

ഈ സാഹചര്യമാണ് 'മാധ്യമം' എഴുതിയത്. വിഷയം മുതുകാടിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ചലനോപകരണങ്ങൾക്കായി ശ്രമം നടന്നത്. ഇനി ലിഫ്റ്റ് ഉപയോഗിച്ച് അബ്ദുറഹ്മാനെ ഉയർത്തി വൈദ്യുതി കസേരയിൽ ഇരുത്തിയാൽ മതിയാകും.

തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്റർ മാതൃകയിലുള്ള സ്ഥാപനം കാസർകോട്ടും യാഥാർഥ്യമാക്കുമെന്ന് ചലനോപകരണ സമ്മാനദാന ചടങ്ങിൽ ഗോപിനാഥ് മുതുകാട് പ്രഖ്യാപിച്ചു. ഇതിനായി 16 ഏക്കർ ഭൂമി ബി.സി.എം കോളജ് മുൻ അധ്യാപകൻ എം.കെ. ലൂക്ക നൽകും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള തെറപ്പി കേന്ദ്രങ്ങളും ഭിന്നശേഷിക്കാർക്കായി വൈവിധ്യമാർന്ന സാംസ്കാരികവും കലാപരവുമായ പരിശീലന സംവിധാനങ്ങളും പദ്ധതിയിലുണ്ടാകും.

എൻഡോസൾഫാൻ ദുരിതബാധിതരെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതേറ്റെടുക്കാൻ സമൂഹം തയാറാവണമെന്നും മുതുകാട് കൂട്ടിച്ചേർത്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ, എം.കെ. ലൂക്ക, എൻജിനീയർ സ്മാർട്ട് മനോജ്, ഫോട്ടോഗ്രാഫർ മധുരാജ്, രമേശൻ നായർ, മുനീസ അമ്പലത്തറ, മിസിരിയ ചെങ്കള, പി. ഷൈനി, കെ. ചന്ദ്രാവതി എന്നിവർ സംസാരിച്ചു.

Tags:    
News Summary - The magical touch of Muthukad to move Abdu Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.