കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം തെരുവുകച്ചവടക്കാർക്കായി നിർമിച്ച പുനരധിവാസകേന്ദ്രത്തിന് നഗരസഭ പൂട്ടിട്ടു. ‘സാമൂഹികവിരുദ്ധരുടെ താവളമായി തെരുവുകച്ചവടക്കാർക്കുള്ള പുനരധിവാസകേന്ദ്രം’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് മാധ്യമം ഇതുസംബന്ധിച്ച് വാർത്ത നൽകിയത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം തെരുവുകച്ചവടക്കാർക്കായി നിർമിച്ച പുനരധിവാസകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമായിരുന്നു. മദ്യക്കുപ്പികളും മനുഷ്യവിസർജ്യങ്ങളുംകൊണ്ട് ഇതുവഴി പോകാൻപറ്റാത്ത സാഹചര്യമായിരുന്നു. കൂടാതെ, കെട്ടിടം ഉപയോഗശൂന്യമാകുന്ന അവസ്ഥയുമുണ്ടായി.
കുറച്ചുവർഷങ്ങളായി സാങ്കേതികകാരണം പറഞ്ഞ് തുറന്നുകൊടുക്കാത്ത പുനരധിവാസകേന്ദ്രത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് കഴിഞ്ഞയാഴ്ച വാർത്ത പ്രസിദ്ധീകരിക്കുകയും മുനിസിപ്പൽ ചെയർമാന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലമായാണ് പുനരധിവാസകേന്ദ്രങ്ങൾക്ക് മുഴുവനും പൂട്ടിടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തത്. ഇനി അകത്തേക്ക് സാമൂഹികവിരുദ്ധർക്ക് പ്രവേശിക്കാനാകില്ല.
പൂട്ടിട്ടതുകൊണ്ടുമാത്രം കാര്യമായില്ലെന്നും ഉടൻ തെരുവുകച്ചവടക്കാർക്ക് പുനരധിവാസകേന്ദ്രം തുറന്നുകൊടുക്കണമെന്നുമാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.