കാട്ടാക്കട: ''എടോ കുട്ടികൾ ഒപ്പമുണ്ട്, ഒന്നും ചെയ്യല്ലേ''.. ''മകളുള്ളതാ, മകളുടെ മുന്നിൽ വെച്ച് അടിക്കല്ലേന്ന് പറ...''കൂടി നിന്നവർ വിളിച്ചുപറഞ്ഞിട്ടും ജീവനക്കാർ പിന്മാറാതെ പ്രേമനനെ മർദിക്കുകയായിരുന്നു. യാത്രക്കാരിലാരോ പകർത്തിയ ദൃശ്യങ്ങളാണ് ക്രൂരമർദനത്തിന് തെളിവായത്.
പ്രേമനനൊപ്പം മകളും കൂട്ടുകാരിയുമാണുണ്ടായിരുന്നത്. സംസാരിച്ച് നിൽക്കുന്നതിനിടെ, 'ഇനി ഇയാള് പോണ്ട'എന്ന് പറഞ്ഞ് ജീവനക്കാർ കൈക്ക് പിടിച്ചുവലിച്ചുമാറ്റുന്നതും കൈയേറ്റം ചെയ്യുന്നതും ബലപ്രയോഗം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് മകൾ ഒപ്പമുണ്ടെന്ന് ആളുകൾ വിളിച്ചുപറയുന്നത്. പക്ഷേ, ഇതൊന്നും ജീവനക്കാർ കേൾക്കുന്നില്ലെന്ന് മാത്രമല്ല, മകൾക്കുമുന്നിൽ പിതാവിനെ കോളറിന് കുത്തിപ്പിടിച്ച് മുറിക്കുള്ളിലേക്ക് തള്ളുകയായിരുന്നു. 'പപ്പയെ ഒന്നും ചെയ്യല്ലേ'എന്ന് വിളിച്ചുപറഞ്ഞ് മകൾ കരയുന്നതും ഇതിനിടെ കേൾക്കാം. 'അയാൾ കെ.എസ്.ആർ.ടി.സിയെ ഉണ്ടാക്കാൻ പോകുന്നു' വെന്ന ആക്രോശത്തോടെയായിരുന്നു മർദനം. 'നിങ്ങൾ എന്‍റെ അച്ഛനെ മാത്രമല്ല, എന്നെയും തല്ലി'എന്ന് രോഷത്തോടെ പെൺകുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് സി.എം.ഡി നിരന്തരം ഉപദേശിക്കുന്നതിനിടയിലാണ് ഗുരുതര സംഭവം. മകൾ രേഷ്മക്ക് ചൊവ്വാഴ്ച ഉച്ചക്കുശേഷം പരീക്ഷയായതിനാലാണ് പഞ്ചായത്ത് ജീവനക്കാരനായ പ്രേമനൻ അവധിയെടുത്ത് ഒപ്പമെത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റിന്‍റെ പേരിലെ അഭിപ്രായ വ്യത്യാസം സംസാരത്തിലേക്കും പിന്നീട്, ഏകപക്ഷീയമായ മർദനത്തിലേക്കും വഴിമാറുകയായിരുന്നു.
താൻ മകളുടെ കാര്യത്തിന് വന്നതാണെന്ന് പ്രേമനൻ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ജീവനക്കാരിലൊരാൾ കയർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അസുഖബാധിതനാണെന്നും അച്ഛനെ അടിക്കരുതെന്നും മകൾ വിളിച്ചുപറയുന്നുണ്ട്. മുറിക്കുള്ളിലേക്ക് വലിച്ചിട്ട് ജീവനക്കാർ തന്‍റെ നെഞ്ചിൽ ചവിട്ടിയതായും 15 മിനിറ്റോളം ക്രിമിനലിനെയെന്നോണം തടഞ്ഞുവെച്ചതായും പ്രേമനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.