കട്ടപ്പന: നിക്ഷേപത്തുക നൽകാതിരിക്കാൻ സഹകരണസംഘം ജീവനക്കാർ ശ്രമിക്കുന്നതായി സാബു പറഞ്ഞിരുന്നുവെന്ന് ഭാര്യ മേരിക്കുട്ടി. സാബുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടും. നീതി ലഭിക്കുംവരെ പോരാട്ടം തുടരും. നിക്ഷേപത്തുക തിരിച്ചുകിട്ടണം. കുറ്റക്കാരായ ജീവനക്കാരെ ശിക്ഷിക്കണം.
ഒന്നരവർഷത്തിനിടെ പലതവണ സഹകരണസംഘം ജീവനക്കാർ അപമര്യാദയായി പെരുമാറി. മരിക്കുന്നതിന്റെ തലേദിവസം സംഘം ഓഫിസിൽനിന്ന് ജീവനക്കാരുടെ മോശമായ പെരുമാറ്റം നേരിട്ടതാണ് സാബുവിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. നിക്ഷേപത്തുകയിൽ ആറുലക്ഷം രൂപ പ്രതിമാസ തവണകളായി നൽകാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ആശുപത്രിയിൽ പോകേണ്ടതിനാൽ രണ്ടുലക്ഷം രൂപ അത്യാവശ്യമായി വന്നതോടെയാണ് സംഘത്തെ സമീപിച്ചത്. എന്നാൽ, ജീവനക്കാർ പണം നൽകാൻ കൂട്ടാക്കിയില്ല. അടുത്തദിവസം സാബു വീണ്ടും ഓഫിസിലെത്തിയെങ്കിലും നിരാകരിച്ചു. പിന്നീട് മകൻ അവരെ സമീപിച്ചപ്പോഴാണ് 80,000 രൂപ തന്നത്.
സെക്രട്ടറിയെ വിളിച്ചപ്പോൾ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പറഞ്ഞ് കയർത്തതായും മേരിക്കുട്ടി വെളിപ്പെടുത്തി. അന്വേഷണസംഘത്തെ എല്ലാ കാര്യങ്ങളും വിശദമായി ധരിപ്പിച്ചിട്ടുണ്ട്. ഫോൺ റെക്കോഡ് ഉൾപ്പെടെയുള്ളവ അന്വേഷണസംഘത്തിന് കൈമാറി.
ആത്മഹത്യക്കുറിപ്പിലുള്ളവർക്കെതിരെ നടപടി ഉണ്ടാകണം. ഒരുതവണ മാത്രമാണ് കൃത്യസമയത്ത് പണം നൽകിയത്. ഒന്നര വർഷത്തിനിടെ നിക്ഷേപത്തുക തിരികെ കിട്ടാൻ നിരവധിതവണ ഓഫിസ് കയറിയിറങ്ങിയെന്നും മേരിക്കുട്ടി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.