പന്തളം: തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ഉദ്വേഗത്തിലാണ് പന്തളം നഗരസഭ. കേവല ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബി.ജെ.പി വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് തലേന്നാളാണ് നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു. രമ്യയും രാജിവെച്ചത്. ഇതേ തുടർന്നാണ് തിങ്കളാഴ്ച ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
നഗരസഭ കോൺഫറൻസ് ഹാളിൽ രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം 2ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ജില്ല പട്ടികജാതി വികസന ഓഫിസറാണ് റിട്ടേണിങ് ഓഫിസർ. അച്ഛൻ കുഞ്ഞ് ജോണിനെയാണ് ബി.ജെ.പി ചെയർമാൻ സ്ഥാനാർഥിയായി പരിഗണിക്കുന്നത്. നിലവിലെ സ്വതന്ത്രനേയും വിമത സ്വരമുയർത്തിയിരുന്നവരെയും ബി.ജെ.പി വരുതിയിലാക്കിയിട്ടുണ്ട്. നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് ക്യാമ്പ് ചെയ്താണ് കൗൺസിലർമാരെ വശത്താക്കിയത്. സ്വതന്ത്രനായിരുന്ന അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനെ ബി.ജെ.പി പക്ഷത്ത് എത്തിക്കുവാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞതായാണ് വിവരം. സ്വതന്ത്രൻ ബി.ജെ.പി പാതയിൽ എത്തിയതിനെ തുടർന്ന് വിമതരും നിലപാടുകൾ മയപ്പെടുത്തി.
ബി.ജെ.പി ഭരിക്കുന്ന തെക്കൻ കേരളത്തിലെ ഏക നഗരസഭ നിലനിർത്താൻ വേണ്ടി പാർട്ടി നേതൃത്വം ഏറെ ശ്രമത്തിലായിരുന്നു. ബി.ജെ.പി പക്ഷത്ത് അംഗബലം കൂടിയാൽ യുഡിഎഫും സ്ഥാനാർഥിയെ നിർത്താനാണ് ആലോചന. യു.ഡി.എഫിലെ പന്തളം മഹേഷിനെയാണ് സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നത്. എന്നാൽ, ബി.ജെ.പിക്കെതിരെ വിശാലമുന്നണി ഉണ്ടാക്കി ബി.ജെ.പിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി. പ്രഭയെ ചെയർമാൻ സ്ഥാനത്തേക്കാണ് പരിഗണിക്കാൻ തുടക്കം മുതൽ നീക്കം ഉണ്ടായിരുന്നെങ്കിലും സ്വതന്ത്ര ചാഞ്ചാട്ടമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റത്.
കേവല ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി, വിമത കൗൺസിലർമാരുടെ നീക്കത്തിൽ അടിപതറുകയായിരുന്നു. എൽ.ഡി.എഫ് അവിശ്വാസപ്രമേയം നൽകിയ ദിവസം മുതൽ വിമതരെ ഒപ്പം നിർത്താൻ ബി.ജെ.പി ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി ഭരണസമിതി അധികാരത്തിലേറിയ ആദ്യ കാലഘട്ടത്തിൽ പരിഗണിച്ചിരുന്ന അച്ഛൻ കുഞ്ഞ് ജോണിനെയാണ് പൊതുസമ്മതനായി ബി.ജെ.പി അവതരിപ്പിക്കുന്നത്.
ബി.ജെ.പി തന്നെ ഭരണം തുടരുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അവിശ്വാസപ്രമേയത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകിയത് മുതൽ ബി.ജെ.പി ജില്ലാ നേതൃത്വം നിലവിലെ വിമതർ ഉൾപ്പെടെ 18 കൗൺസിലർമാരെയും കണ്ടു. നിലവിൽ ബി.ജെ.പിയുടെ 18 കൗൺസിലർമാരിൽ 14 പേരും വനിതകളാണ്.
ഭരണസമിതിയുടെ കാലാവധി കഴിയാൻ ഒരു വർഷം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. 33 അംഗ നഗരസഭയിൽ 18 ബി.ജെ.പി, 9 എൽ.ഡി.എഫ്, 5 യു.ഡി.എഫ്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.