2019ലു​ണ്ടാ​യ ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ 59 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍ന്ന മു​ത്ത​പ്പ​ന്‍കു​ന്നി​ന്റെ ഇ​പ്പോ​ഴ​ത്തെ ദൃ​ശ്യം

കവളപ്പാറ ദുരന്തം; നടുക്കുന്ന ഓർമകൾക്ക് മൂന്നാണ്ട്

എടക്കര: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കണ്ണീരുണങ്ങാതെ മലയോര ഗ്രാമം. 2019 ആഗസ്റ്റ് എട്ടിനാണ് ദുരന്തം മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ടോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മാറില്‍ പുതഞ്ഞു.

ഇരുപത് ദിവസത്തോളം നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേർ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരുകുടുംബത്തിലെതന്നെ നാലും അഞ്ചും അംഗങ്ങള്‍ ദുരന്തത്തിനിരയായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയവയുമെല്ലാം മണ്ണിനടിയില്‍ പുതഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് കുറച്ചുപേര്‍ക്ക് മാത്രം. കവളപ്പാറ കോളനിയിലേതടക്കം 45 വീടുകളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്.

കവളപ്പാറ ദുരന്തം നടന്ന ദിവസംതന്നെയായിരുന്നു പാതാറിലും നാശം നേരിട്ടത്. വൈകീട്ട് അതിരുവീട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാതാര്‍ എന്ന നാടുതന്നെ അപ്രത്യക്ഷമായിരുന്നു. കവളപ്പാറയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള പാതാറില്‍ ആളപായമില്ലെന്നതായിരുന്നു ഏക ആശ്വാസം. ചരല്‍കൂനകളും കൂറ്റന്‍ പാറക്കെട്ടുകളും വന്മരങ്ങളും അടിഞ്ഞുകൂടി. റോഡ്, വീടുകള്‍, പള്ളി, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നാമാവശേഷമായി.

മലാംകുണ്ട്, മുട്ടിപ്പാലം, പാതാര്‍, പാത്രകുണ്ട്, വെള്ളിമുറ്റം, കൈപ്പിനി എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പാതാറിൽനിന്ന് പടിഞ്ഞാറേ ഭാഗത്തുള്ള തേന്‍പാറ, ഗര്‍ഭംകലക്കി മലകളിലെ മണ്ണിടിച്ചിലാണ് അന്ന് നാശം വരുത്തിയത്. ആഘാതത്തില്‍നിന്ന് പലരും മോചിതരായിട്ടില്ല. സര്‍ക്കാറും വിവിധ സന്നദ്ധസംഘടനകളും നല്‍കിയ നഷ്ടപരിഹാരങ്ങള്‍ ഏറ്റുവാങ്ങി വിവിധയിടങ്ങളിലായി പുതുജീവിതം കെട്ടിപ്പടുക്കുമ്പോഴും ദുരന്തസ്മരണകള്‍ ഇവരെ വേട്ടയാടുകയാണ്.

മുത്തപ്പന്‍കുന്നിലെ കവളപ്പാറ കോളനിയിലെ 32 വീടുകളടക്കം നൂറ്റിയറുപതോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജിയോളജി വിഭാഗം മാറിത്താമസിക്കാന്‍ നിര്‍ദേശിച്ച കുടുംബങ്ങള്‍ക്കടക്കമാണ് പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി പുനരധിവാസം സാധ്യമാക്കിയത്. 

Tags:    
News Summary - Kavalapara disaster; It's three years of stirring memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.