കവളപ്പാറ ഉരുൾപൊട്ടൽ: സർക്കാറിന്​ ഹൈകോടതി വിമർശനം

കൊച്ചി: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ ഭൂമി പുനഃസ്ഥാപിക്കാത്ത സർക്കാർ നടപടിയിൽ ഹൈകോടതിയുടെ വിമർശനം. ഉരുൾപൊട്ടലിൽ അടിഞ്ഞ മണ്ണും കല്ലും നീക്കം ചെയ്യാനും ഭൂമി പുനഃസ്ഥാപിക്കാനും സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച്​ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ മറുപടിപോലും നൽകാൻ വൈകുന്നതിലും ജസ്റ്റിസ്​ വി.ജി. അരുൺ അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ ഇനിയും വിട്ടുവീഴ്ചയും അനിശ്ചിതാവസ്ഥയും തുടരാനാകില്ലെന്ന്​ വ്യക്തമാക്കിയ കോടതി കൃത്യമായ വിശദീകരണം നൽകാൻ സർക്കാറിന്​ നിർദേശം നൽകി. തുടർന്ന്​ ജൂലൈ 27ന് ഹരജി പരിഗണിക്കാൻ മാറ്റി. കവളപ്പാറ ഭൂദാൻ കോളനിയിലെ കെ. നാരായണൻ ഉൾപ്പെടെ ആറുപേർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

2019 ആഗസ്റ്റ് എട്ടിന്​ നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ്​ മരിച്ചത്​. ഇവിടെ താമസിച്ചിരുന്നവരുടെ കൃഷി ഭൂമിയും വീടും നശിച്ചു. ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചെങ്കിലും കൃഷി ഭൂമി പഴയ രീതിയിലാക്കാനുള്ള നടപടിയുമുണ്ടായില്ല. ഉരുൾപൊട്ടലിനെത്തുടർന്ന് കല്ലും മണ്ണും അടിഞ്ഞു കൂടിയതിനാൽ കൃഷി ഭൂമി ഉപയോഗശൂന്യമായി. ഇതുമായി ബന്ധപ്പെട്ട ഹരജി സർക്കാറിന്റെ മറുപടിക്കായി പലതവണ മാറ്റിവെച്ചെങ്കിലും മറുപടി ലഭിച്ചില്ല.

കൃഷി ഭൂമിയിലെ കല്ലും മണ്ണും യന്ത്രസഹായത്തോടെ നീക്കാൻ സർക്കാറിന് വൈമനസ്യമുണ്ടെങ്കിൽ അതുചെയ്യാൻ തങ്ങളെ അനുവദിക്കണമെന്നാണ്​ ഹരജിക്കാരുടെ ആവശ്യം. ഭൂമി കൃഷിയോഗ്യമാക്കി മാറ്റാൻ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികളെന്ത്​, ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികളെന്തെല്ലാം, ഭൂമിയിലെ കല്ലും മണ്ണും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വന്തം നിലക്ക്​ മാറ്റാമെന്ന ഹരജിക്കാരുടെ നിർദേശത്തിൽ സ്വീകരിക്കുന്ന നിലപാടെന്ത്​, ഈ നിർദേശം അനുവദിക്കുന്നില്ലെങ്കിൽ സർക്കാർ സ്വീകരിക്കുന്ന ബദൽമാർഗമെന്ത്​ തുടങ്ങിയ കാര്യങ്ങളിലാണ്​ സർക്കാറിനോട്​ വിശദീകരണം തേടിയിരിക്കുന്നത്​.

Tags:    
News Summary - Kavalapara Landslide: High Court criticizes the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.