തൃപ്രയാർ: നൂർജഹാൻ പ്രസവിച്ചത് മൂന്ന് പെൺമക്കളെയാണ്. പക്ഷേ, പുതിയവീട്ടിൽ അബ്ദുറസാഖിനും ഭാര്യ നൂർജഹാനും പെൺമക്കൾ നാലാണ്. നാലാമത്തെ മകളുടെ വിവാഹവും നടന്ന ആഹ്ലാദമായിരുന്നു ശനിയാഴ്ച പുതിയ വീട്ടിൽ. നാലാമത്തെ മകളുടെ വിവാഹത്തിന് മറ്റു മൂന്ന് മക്കളുടെയും വിവാഹത്തിനില്ലാത്ത ചില പ്രത്യേകതകളുണ്ടായിരുന്നു. ആചാരവും രീതികളുമൊക്കെ വ്യത്യസ്തമായിരുന്നു. വീട്ടിലൊരുക്കിയ കതിർമണ്ഡപത്തിൽ ക്ഷേത്രം ശാന്തിയുടെ കാർമികത്വത്തിലായിരുന്നു ആ താലിക്കെട്ട്.
സേലം വിരുതാചലത്ത് താമസിക്കുന്ന പഴനിയുടെയും റാണിയുടെയും മകൾ കവിത 14 വർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് എത്തുന്നത്. അന്ന് എട്ടു വയസാണ് അവൾക്കുള്ളത്. വീട്ടിൽ പണിയെടുക്കാൻ വരുന്ന തൃത്തല്ലൂരിൽ തെരുവിലെ തമിഴ്നാട്ടുകാരൻ രത്നമാണ് കവിതയെ എത്തിച്ചത്. അന്നു മുതൽ തങ്ങളുടെ മൂന്നു പെൺമക്കളെ പോലെതന്നെ അബ്ദുറസാഖും ഭാര്യ നൂർജഹാനും കവിതയെ സംരക്ഷിച്ചു. കവിത വളർന്നു. അബാജിയെന്നാണ് കവിത അബ്ദുറസാഖിനെ വിളിച്ചിരുന്നത്. വിവാഹപ്രായമെത്തിയ കവിതക്ക് വരനെ അന്വേഷിച്ചതും അബ്ദുറസാഖായിരുന്നു. നാട്ടിക സ്വദേശി വാഴപ്പുള്ളി സുബ്രഹ്മണ്യെൻറ മകൻ ശ്രീജിത്തിനെ അങ്ങനെയാണ് കണ്ടെത്തിയത്.
വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ടു സഹോദരിമാരും എത്തിയിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു കർമങ്ങൾ. നാട്ടിക ഇയ്യാനി ക്ഷേത്രം ശാന്തി ജോഷി നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് അയൽവാസികളും മറ്റും സംബന്ധിച്ചു.
കവിതക്ക് വിവാഹസമ്മാനമായി അബ്ദുറസാഖിെൻറ മൂന്നു മക്കൾ 12 പവെൻറ ആഭരണങ്ങളും നൽകി. അബ്ദുറസാഖും നൂർജഹാനും വീടിനുസമീപം കവിതക്കായി നീക്കിവെച്ച നാലു സെൻറിൽ നിർമിച്ച വീടും കൈമാറി. പഞ്ചായത്ത് അംഗം സി.ജി. അജിത്കുമാർ പാരിതോഷികം സമ്മാനിച്ചു. തൃപ്രയാറിലെ പരേതനായ പരീത് മാസ്റ്ററുടെ മകനായ അബ്ദുറസാഖ് റിട്ട. വ്യോമസേന ഉദ്യോഗസ്ഥനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.