KB Ganesh Kumar,

മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ടെന്ന് കെ.ബി. ​ഗണേഷ് ക​ുമാർ; മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേടെന്ന് സി.ഐ.ടി.യു

കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുതെന്നും മന്ത്രി പറഞ്ഞു. 

ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിൽ. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും.

നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകലാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

മലപ്പുറം ആര്‍.ടി ഓഫീസിൽ നടന്നത് മൂന്ന് കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. കെ.എസ്.ആർ.ടി.സിയിൽ മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇന്നുമുതലാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം വരുന്നത്. അടിസ്ഥാന ​സൗകര്യമൊരുക്കാതെയുള്ള പരിഷ്‍കരണത്തിനെതിരെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം നടത്തുകയാണ്.

ഇതിനിടെ, മന്ത്രി കെ.ബി. ഗണേഷ് ക​ുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി സി.ഐ.ടി.യു രംഗത്തെത്തി. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശമാണ് ​പ്രകോപനത്തിനിടയാക്കിയത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.

നിലവിൽ നടക്കുന്ന സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍.ടി.ഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നതെന്നാണ് സി.ഐ.ടി.യു ചോദിക്കുന്നത്. 

Tags:    
News Summary - KB Ganesh Kumar said that there is a driving school mafia group in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.