കൊല്ലം: രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാകുമ്പോൾ ലഭിക്കേണ്ട മന്ത്രിസ്ഥാനം കെ.ബി. ഗണേഷ് കുമാറിന് മരീചികയാകുന്നു. മന്ത്രിസഭയിലെ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജുവിനുപകരം നവംബറിൽ കേരള കോൺഗ്രസ് (ബി) യുടെ ഏക പ്രതിനിധി ഗണേഷ് കുമാർ മന്ത്രിയാകുമെന്നതാണ് നേരത്തെയുള്ള ധാരണ. എന്നാൽ, തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളാണ് ഗണേഷിന് വിലങ്ങാകുന്നത്. ഗണേഷിന്റെ കുടുംബസ്വത്ത് വീതം വെച്ചത് സംബന്ധിച്ച സഹോദരിയുമായുള്ള തർക്കമാണ് ആദ്യ ടേം മന്ത്രി സ്ഥാനം ലഭിക്കാത്തതിന് കാരണമായത്. കുടുംബത്തിലെ തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
അച്ഛന്റെ സ്വത്തിൽ തനിക്ക് മാത്രം അവകാശം നിഷേധിച്ച് വിൽപത്രം തയാറാക്കിയതിൽ കൈകടത്തലുകളുണ്ടായിട്ടുണ്ടെന്നാണ് ഇതേ പറ്റി സഹോദരി ഉഷ പറയുന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കൂടുതൽ പറയാത്തത്. എന്നാൽ, ഗണേഷിന് മന്ത്രിസ്ഥാനം നൽകരുതെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി അതിനെ പറ്റി സംസാരിച്ചിട്ടുമില്ല -ഉഷ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേ സമയം സി.ബി.ഐ പോലുള്ള ഉന്നത ഏജൻസികൾ അന്വേഷിച്ച് കണ്ടെത്തി പറയുന്ന കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പല കാര്യങ്ങളിലും സർക്കാറിനെ പരസ്യമായി വിമർശിച്ച ഗണേഷ് കുറെ നാളുകളായി ഭരണപക്ഷവുമായി ഇടഞ്ഞ നിലയിലായിരുന്നു. ഒരാഴ്ച മുമ്പ് മുന്നാക്ക സമുദായ ക്ഷേമ ബോർഡ് ചെയർമാനായിരുന്ന കേരള കോൺഗ്രസ് ബി പ്രതിനിധി കെ.ജി. പ്രേംജിത്തിനെ സ്ഥാനത്തുനിന്ന് നീക്കി, പകരം സി.പി.എം പ്രതിനിധി എം. രാജഗോപാലൻ നായരെ നിയമിക്കുകയും ചെയ്തിരുന്നു.
തന്നോട് ആലോചിക്കാതെ ഇത്തരമൊരു നടപടി സ്വീകരിച്ചതിൽ ഗണേഷ് എൽ.ഡി.എഫ് നേതൃത്വത്തിനുമുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രേംജിത്തിനെ പുനർനിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം തന്നെ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ പുനർനിയമന ഉത്തരവ് പുറത്തുവന്നിട്ടില്ല.
അതിനു പിന്നാലെയാണ് ഇപ്പോൾ സോളാർ വിവാദമുയർന്നത്. പുനർനിയമന ഉത്തരവിറങ്ങാൻ വൈകുന്നതും ഇക്കാരണത്താലാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ മാസം 20ന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് സൂചന.
ഇതിനിടെ, ഗണേഷ് യു.ഡി.എഫിലേക്ക് തിരിച്ചുപോകുമെന്ന ചർച്ച സജീവമായിരുന്നെങ്കിലും സോളാർ വിവാദത്തോടെ അവരും വാതിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.