കോഴിക്കോട്: തിരുവനന്തപുരത്ത് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തെ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയക്കുന്ന ഒരു കൂട്ടർ ഇന്നും ഇവിടെയുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണിതെന്ന് കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തുവെന്ന വാർത്ത വളരെ വേദനയോടെയും അതിലുപരി രോഷത്തോടെയുമാണ് കേട്ടത്. ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കപ്പെടുന്നു. ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലർ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്‍റെ നേർസാക്ഷ്യമാണീ സംഭവം.
അടിമുടി തകർന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ് കേരളത്തിലുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ മൂക്കിൻത്തുമ്പത്താണ് അക്രമം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.
ക്രിമിനൽ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ സ്തൂപമാണ് അടിച്ചു തകർത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരത്തിന് നേർക്കാണ് അവർ ആയുധം വീശിയത്.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്കെതിരെ പോലും വിദ്വേഷം പ്രചരിപ്പിക്കുന്ന സാമൂഹിക ദ്രോഹികളെ അടിയന്തരമായി കണ്ടെത്തണം. പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിക്കണം. കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങും വരെ കാത്തിരിക്കരുതെന്ന് സർക്കാരിനെ ഓർമിപ്പിക്കുന്നു -കെ.സി വേണുഗോപാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.